ഇന്ത്യ 7 ആസ്ട്രേലിയ 1, ഇന്ത്യ 3 ജപ്പാൻ 0… ഓർമയുണ്ടോ ആ സ്കോറുകൾ? ഭൂതകാലക്കുളിരു മാത്രം അവശേഷിക്കുന്ന ഇന്ത്യൻ ഫുട്ബാൾ
…
യു.എസും മെക്സിക്കോയും കാനഡയും സംയുക്ത ആതിഥേയരാവുന്ന 2026 ലെ ലോകകപ്പ് ഫുട്ബാൾ കളിക്കാൻ ഏഷ്യയിൽനിന്ന് എട്ട് ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞല്ലോ. പ്ലേഓഫ് കടമ്പ കടന്നാൽ ഇറാഖ്, യു.എ.ഇ ടീമുകളിലൊന്നിനും ടിക്കറ്റ് കിട്ടും. അങ്ങനെ വന്നാൽ ഏഷ്യക്കാരുടെ എണ്ണം ഒമ്പതാകും. ഭൂമിയിലെ ഏറ്റവും വലിയ ഭൂഖണ്ഡത്തിൽനിന്ന് ലോക ഫുട്ബാളിന് യോഗ്യത നേടിയ എട്ട് രാജ്യങ്ങളുടെയും, യോഗ്യത നേടാതെ പോയ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയുടെയും ഫുട്ബാൾ പാരമ്പര്യവും ചരിത്രവും താരതമ്യം ചെയ്ത് ഒരു യാത്ര പോയാലോ? പോവാം. അതിശയങ്ങൾ കൊരുത്ത പദചലനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച കളിമികവിൽനിന്ന് ഒരു നാട് എത്തിനിൽക്കുന്ന അധഃപതനത്തിന്റെ ആഴമറിയാം.. ഭൂതകാലക്കുളിരു കൊണ്ടെങ്കിലും വർത്തമാനത്തിലെ വിങ്ങൽ മാറിയാലോ.ജോർദാൻ ആദ്യമായി ലോകകപ്പ് ഫുട്ബാൾ കളിക്കാനെത്തുന്നവരാണ് ജോർദാൻ. ഫുട്ബാളിൽ വലിയ പാരമ്പര്യമൊന്നും അവർക്കില്ല. 2004 വരെ കാത്തിരുന്ന ശേഷമാണ് ആദ്യമായി ഏഷ്യൻ കപ്പ് കളിക്കാൻ സാധിച്ചത്. 2000ന് ശേഷം മാത്രം ഫുട്ബാൾ ഗൗരവമായി എടുത്ത ജോർദാനിൽ 35ന് മേലെ രാജ്യാന്തര ഗോളുകളുള്ള ഒരു കളിക്കാരൻ പോലുമില്ല. 2006 വരെ ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ അവർ പങ്കെടുത്തിട്ടു പോലുമില്ല. ഒളിമ്പിക്സ് ഫുട്ബാൾ യോഗ്യത ഇന്നും ജോർദാന് സ്വപ്നം മാത്രമാണ്. ഇന്ത്യയോ?.. 1951, 1962 ഏഷ്യൻ ഗെയിംസ് ഫുട്ബാളിലെ സ്വർണപ്പതക്കങ്ങൾ ഇന്ത്യയുടെ നെഞ്ചിലാണ്. 1964 ഏഷ്യൻ കപ്പിലെ രണ്ടാം സ്ഥാനക്കാരുമാണ് ഇന്ത്യ. സ്വാതന്ത്ര്യം നേടി തൊട്ടടുത്ത വർഷം ഒളിമ്പിക്സ് ഫുട്ബാളിൽ ബൂട്ടുകെട്ടി. 1952, 1956, 1960 വർഷങ്ങളിലും കളിച്ചു.1956 ൽ ലെവ് യാഷീനും ഇഗർ നെറ്റൊയുമെല്ലാം വന്ന മെൽബണിൽ ഇന്ത്യ നാലാംസ്ഥാനക്കാരായിരുന്നു. ക്വാഡ്രാങ്കുലർ, മെർദേക്കാ കിരീടങ്ങൾ നിരവധി. ലോകത്തെ ഏറ്റവും മികച്ച 10 നായകരിൽ ഒരാളായി ഫിഫ തിരഞ്ഞെടുത്ത ശൈലൻ മന്ന, ഏഷ്യൻ ആൾ സ്റ്റാർ ടീമിന്റെ നായകനായിരുന്ന ജർണയിൽ സിങ് പോലെയുള്ള പുപ്പുലികളുടെ രാജ്യം. അതായിരുന്നല്ലോ (ആണല്ലോ) ഇന്ത്യ.ആസ്ട്രേലിയ തുടർച്ചയായി ആറാം തവണയും ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടിയവരാണ് ആസ്ട്രേലിയ. ഇന്ത്യ-ആസ്ട്രേലിയ ഫുട്ബാളിൽ രസകരമായ ഒരു സംഭവമുണ്ട്. 1956 മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യ ആസ്ട്രേലിയയെ 4-2ന് തോൽപ്പിച്ചു, നെവിൽ ഡിസൂസയുടെ ഹാട്രിക് മികവിൽ. അതോടെ ആദ്യമായി ഒരു ഏഷ്യക്കാരൻ ഒളിമ്പിക്സ് ഫുട്ബാളിൽ ഹാട്രിക് കുറിച്ചു, ഒരു ഏഷ്യൻ രാജ്യത്തിന് ഒളിമ്പിക്സ് ഫുട്ബാളിൽ കന്നി സെമി ഫൈനൽ ബെർത്തും. സ്വന്തം നാട്ടിൽ ഇന്ത്യയോട് തോറ്റ ആസ്ട്രേലിയക്കാർ ഗെയിംസ് കഴിഞ്ഞയുടനെ ഇന്ത്യയെ ഒരു വാശി കത്തുന്ന ‘സൗഹൃദമത്സരത്തിന്’ വെല്ലുവിളിച്ചു. ഇന്ത്യ നേടിയ 4-2 വിജയം ഭാഗ്യം കൊണ്ട് സംഭവിച്ചതാണ് എന്നായിരുന്നു അവരുടെ വാദം. എങ്കിൽ നമുക്ക് ഒന്നുകൂടെ കളിക്കാമെന്ന് ഇന്ത്യയുടെ സമ്മതം. സിഡ്നിയിൽ വെച്ച് 7-1ന് കംഗാരുക്കളെ നാണംകെടുത്തി വിടുന്നു ഇന്ത്യ.ദക്ഷിണ കൊറിയ 1986 മുതൽ തുടർച്ചയായി ഏഷ്യയിൽനിന്ന് ലോകകപ്പിന് ടിക്കറ്റ് നേടുന്നവരാണ് ദക്ഷിണ കൊറിയക്കാർ. ലോകകപ്പിന്റെ സെമി ഫൈനൽ കളിച്ചവർ. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ അവരെ 2-1 തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടുന്നത്. 1986 മെർദേക്ക കപ്പ് വരെ ഇന്ത്യ നിരവധി തവണ കൊറിയയെ തോൽപ്പിച്ചിട്ടുണ്ട്. അവസാന വിജയം 1986ൽ, 3-2 ന്. അന്ന് ഇന്ത്യ ജയിച്ചത് വി.പി. സത്യൻ 35 വാര അകലെ നിന്ന് പറത്തിയ അവിസ്മരണീയ ലോങ്ങ് റേഞ്ച് ഗോളിൽ. ജപ്പാൻ ലോകകപ്പിന് ഏഷ്യയിൽ നിന്നുള്ള സ്ഥിരസാന്നിധ്യമാണ് സാമുറായികൾ. നിലവിൽ ലോക ഫുട്ബാളിലെ കരുത്തർ. കഴിഞ്ഞ ദിവസമാണ് അവർ ബ്രസീലിനെ 2-3 ന് തോൽപ്പിച്ചത്. ഇന്ത്യ-3 ജപ്പാൻ-0 എന്ന സ്കോർ ഇന്ന് സങ്കൽപ്പിക്കാൻ പോലും പറ്റുമോ? എന്നാൽ, അങ്ങനെയും ഒരുകാലമുണ്ടായിരുന്നു.1966 മെർദേക്കാ കപ്പിലായിരുന്നു ആ വിജയം. നമ്മുടെ കണ്ണൂർക്കാരൻ ഗോളി സി. മുസ്തഫ അടക്കം ഉൾപ്പെട്ടതായിരുന്നു അന്നത്തെ ഇന്ത്യൻ ടീം. 1970 ബാങ്കോക്ക് ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ ഇന്ത്യ വെങ്കലം നേടുന്നതും ജപ്പാനെ തോൽപ്പിച്ചാണ്. ഗോളടിച്ചത് മഞ്ജിത് സിങ്. സൗദി അറേബ്യ, ഇറാൻ, ഖത്തർ, ഉസ്ബകിസ്ഥാൻ 1956 ൽ ഫുട്ബാൾ ഫെഡറേഷൻ രൂപവത്കരിച്ച് 1984ൽ മാത്രം ഒരു സുപ്രധാന ടൂർണമെന്റിൽ (ഏഷ്യൻ കപ്പ്) പങ്കെടുക്കാൻ തുടങ്ങിയവരാണ് സൗദി അറേബ്യ. 1951 ഏഷ്യൻ ഗെയിംസ് ഫുട്ബാളിന്റെ ഫൈനലിൽ ഇന്ത്യയോട് തോറ്റവരാണ് ഇറാൻ. 1950 കളിൽ എണ്ണപ്പാടങ്ങളിൽ ജോലിക്ക് വന്ന ഇന്ത്യക്കാരുൾപ്പടെയുള്ളവർ ഫുട്ബാൾ എത്തിച്ച നാടാണല്ലോ ഖത്തർ. ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയ അവരുടെ ടീമിൽ തഹ്സീൻ ജംഷിദ് എന്ന മലയാളി ഉൾപ്പെട്ടത് കാലത്തിന്റെ ഗോളടിയാവാം. 1991 ഡിസംബറിൽ സ്വതന്ത്രരാജ്യമായി 1992 ജൂണിൽ മാത്രം ആദ്യ രാജ്യാന്തര മത്സരം കളിക്കാൻ അവസരം ലഭിച്ചവരാണ് നിലവിലെ ഉസ്ബകിസ്ഥാൻ. ഈ ടീമുകളെല്ലാം 2026 ലോകകപ്പിന് പോകുമ്പോൾ ഒരിക്കൽ ഏഷ്യയിലെ ബ്രസീൽ എന്ന വിളിപ്പേരുണ്ടായിരുന്ന നിരവധി കളിക്കാരെ ഏഷ്യൻ ആൾ സ്റ്റാർ ഇലവനിലേക്ക് സംഭാവന ചെയ്ത ഇന്ത്യ ഏഷ്യൻ കപ്പിന് പോലും യോഗ്യതയില്ലാതെ തളർന്നിരിക്കുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ലോകകപ്പിലെ പങ്കാളിത്തം 48ൽ നിന്ന് എത്രയാക്കി ഉയർത്തിയാലാവും ഇന്ത്യക്കൊരവസരം ലഭിക്കുക? വിശ്വകാൽപന്ത് മേളക്ക് ഒരു ടിക്കറ്റ് പോരാടി നേടാൻ എന്നാവും ഇന്ത്യൻ ടീം പ്രാപ്തി നേടുക? ‘കളികളല്ല’, ശരിക്കും കളിയറിയുന്ന ഭരണക്കാരെയും സംഘാടകരെയും നമുക്ക് എന്നാവും ലഭിക്കുക? സൂറിച്ചിലെ ഫിഫ ആസ്ഥാന മന്ദിരത്തിന്റെ പുറത്ത് ഇന്ത്യയുടെ പേരും കൊത്തിവെച്ചിട്ടുണ്ട്. നമുക്കിനിയെന്നാവും ഫിഫ ലോകകപ്പിന്റെ ഫിക്സ്ചറിൽ ഒരു തവണയെങ്കിലും പ്രത്യക്ഷപ്പെടാൻ സാധിക്കുക..? രാജ്യത്തെ കളിക്കമ്പക്കാരുടെ മനസ്സിൽ ഉള്ളുലയ്ക്കുന്ന ചോദ്യങ്ങൾ ഒരുപാടുണ്ട്… ഒന്നിനും കൃത്യമായ ഒരുത്തരവും ഇന്നാട്ടിലെ കായിക മേധാവികൾക്കില്ലെങ്കിലും.
