നെന്മാറ സജിത കൊലക്കേസ്; ചെന്താമരയുടെ ശിക്ഷാവിധി ശനിയാഴ്ച, വധശിക്ഷ വേണമെന്ന് പ്രൊസിക്യൂട്ടർ

പാലക്കാട്: 2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ ശനിയാഴ്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിക്കും. കേസിൽ തടവിലായിരുന്ന ചെന്താമര, ജാമ്യത്തിൽ ഇറങ്ങി നടത്തിയ ഇരട്ടകൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി പ്രതിക്ക് വധശിക്ഷ വേണമെന്ന് പ്രൊസികൂട്ടർ ആവശ്യപ്പെട്ടു.രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പരാമർശിച്ച പ്രൊസിക്യൂട്ടർ, പരോൾ പോലും അനുവദിക്കാതെ ചെന്താമരയെ ശിക്ഷിക്കണമെന്നും കർശനമായ ആവശ്യം മുന്നോട്ടുവെച്ചു. വിചാരണ പൂർത്തിയാക്കിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു . കൊലപാതകം , തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞത്.അതേസമയം, ഇരട്ടക്കൊലപാതകത്തെ ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതിഭാ​ഗം വാദിച്ചു. പ്രതിയായ ചെന്താമര മുമ്പ് ക്രിമിനൽ പശ്ചാത്തലമുള്ള ആളായിരുന്നില്ലെന്നും ഒരു തെളിവുമില്ലാത്ത ഈ കേസ് സമൂഹത്തെ ഒരു നിലക്കും ബാധിക്കുന്നില്ലെന്നും പ്രതിഭാ​ഗം കൂട്ടിച്ചേർത്തു.2019ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്ന ചെന്താമരയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 2019 ആഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സജിതയും പുഷ്പയും ചേർന്ന കൂടോത്രം നടത്തിയതാണ് ഭാര്യ അകലാൻ കാരണമെന്ന് ചെന്താമര കരുതിയിരുന്നു. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവിനെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button