പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; സ്ത്രീകൾ സൂക്ഷിക്കുക…

സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സ്ത്രീകളോട് സു രക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന മുക്കുപണ്ടവും മോഷ്ടാക്കളെ മോഹിപ്പിക്കും.

കള്ളൻമാർക്ക് കൂടുതല്‍ പ്രിയം സ്വർണപ്പാദസരങ്ങളാണ്. മുകള്‍ ബെർത്തില്‍ കിടന്നുറങ്ങുന്ന സ്ത്രീകളുടെ പാദസരം വിദഗ്ധമായി പൊട്ടിച്ചെടുക്കും. ഒരു വണ്ടിയില്‍ സംഘമായി എത്തി വെവ്വേറെ കവർച്ചനടത്തി മറയുക എന്ന രീതിയുമുണ്ട്. കൊങ്കണ്‍പാതയിലാണ് ഇത്തരം മോഷണം ഏറെയും.

മുൻപ് മംഗളൂരുവില്‍ മറുനാടൻ മോഷണസംഘത്തെ റെയില്‍വേ സംരക്ഷണസേന പിടിച്ചിരുന്നു. ഇവർ മോഷ്ടിക്കാൻ എത്തുന്നതും മടങ്ങുന്നതും വിമാനത്തിലാണ്‌. കൊങ്കണ്‍, തിരുവനന്തപുരംമുതല്‍ മംഗളൂരുവരെ തീവണ്ടിയില്‍ യാത്ര ചെയ്യും. നിശ്ചിത അളവ് മോഷ്ടിച്ച്‌ കിട്ടിയാല്‍ അതുമായി വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങും. അതേസമയം, കോച്ചുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാത്തത് തിരിച്ചടിയാണ്. നിലവില്‍ പുതിയ എല്‍എച്ച്‌ബി കോച്ചുകളില്‍ മാത്രമാണ് ക്യാമറയുള്ളത്.

കൊങ്കണ്‍പാതയിലാണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ കവർച്ചയ്ക്ക് ഇരയാകുന്നത്. കൊങ്കണ്‍ വണ്ടികളില്‍ നിലവില്‍ കാവലിന് ആളില്ല. ഒരു വണ്ടിയില്‍ ഒന്നോ രണ്ടോ ടിക്കറ്റ് പരിശോധകർ മാത്രം. ഒറ്റപ്പാതയായതിനാല്‍ പല സ്റ്റേഷനിലും വണ്ടി പിടിച്ചിടും. ഈ സമയം ഒരു സുരക്ഷാസംവിധാനവും ഇവിടങ്ങളില്ല. പുലർച്ചെയുള്ള യാത്രക്കാരുടെ ഉറക്കവും മോഷ്ടാക്കള്‍ മുതലെടുക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button