ഇത്രയും ഗതികെട്ട ഒരു അഖിലേന്ത്യ സെക്രട്ടറി വേറെ ഉണ്ടാകല്ലേ കാറൽ മാർക്സ് മുത്തപ്പാ’; കാരണഭൂതൻ കാര്യം നടത്തുന്നിടത്ത് ബേബിക്ക് എന്ത് കാര്യമെന്ന് ജിന്റോ ജോൺ
‘
കോഴിക്കോട്: വിവാദമായ പി.എം ശ്രീ പദ്ധതിയിൽ കേരളാ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരിക്കാത്ത സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘ഇത്രയും ഗതികെട്ട ഒരു അഖിലേന്ത്യ സെക്രട്ടറി വേറെ ഉണ്ടാകല്ലേ കാറൽ മാർക്സ് മുത്തപ്പാ’ എന്ന് ജിന്റോ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ഇത്രയും ഗതികെട്ട ഒരു അഖിലേന്ത്യാ സെക്രട്ടറി വേറെ ഉണ്ടാകല്ലേ കാറൽ മാർക്സ് മുത്തപ്പാ” വായിൽ പീപ്പിൾസ് ഡെമോക്രസിയും ദേശാപമാനിയും ചിന്ത വാരികയും ഒന്നിച്ച് കുടുങ്ങിയ പോലെ മിണ്ടാതിരിക്കാം… സ്തോത്രം സ്തോത്രം… വൈരുദ്ധ്യാത്മിക ഭൗതീകവാദം. അതേസമയം, വെറുതെയല്ല സഖാവ് ബേബിയാണെന്ന് പറഞ്ഞതെന്നും കാരണഭൂതൻ കാര്യം നടത്തുന്നിടത്ത് ബേബിക്ക് എന്ത് കാര്യമെന്നും മറ്റൊരു പോസ്റ്റിൽ ജിന്റോ ജോൺ വ്യക്തമാക്കി. കുഞ്ഞുവായിൽ വലിയ കാര്യങ്ങൾ പറയരുതെന്ന് തറവാട്ട് കാരണവർ പറഞ്ഞതായി ഇതിലൂടെ ബേബി സഖാവ് മനസ്സിലാക്കിയാൽ കൊള്ളാമെന്നും ജിന്റോ എഫ്.ബി. പോസ്റ്റിൽ പറയുന്നു. ജിന്റോ ജോണിന്റെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റ് സഖാവ് ബേബി വെറുതെയല്ല സഖാവ് ബേബിയാണെന്ന് പറഞ്ഞത്… കാരണഭൂതൻ കാര്യം നടത്തുന്നിടത്ത് ബേബിക്ക് എന്ത് കാര്യം? കുഞ്ഞുവായിൽ വലിയ കാര്യങ്ങൾ പറയരുതെന്ന് തറവാട്ട് കാരണവർ പറഞ്ഞതായി ഇതിലൂടെ ബേബി സഖാവ് മനസ്സിലാക്കിയാൽ കൊള്ളാം… അല്ലെങ്കിൽ ചെവി നുള്ളി പൊന്നാക്കും. കേട്ടോ കേന്ദ്ര സർക്കാറിന്റെ വിവാദ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ കേരളം ഒപ്പുവെച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ ഇതുവരെ സി.പി.എം ജനറൽ സെക്രട്ടറിയായ എം.എ. ബേബി പ്രതികരിച്ചിട്ടില്ല. പി.എം ശ്രീയിൽ കേരളം ഒപ്പിടുന്നതിൽ എൽ.ഡി.എഫ് ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ബേബി പറഞ്ഞത്. സി.പി.ഐയെ അവഗണിക്കുന്ന സമീപനം ദേശീയ തലത്തിലോ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പി.എം ശ്രീ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ എൽ.ഡി.എഫിനും സർക്കാറിനും കഴിയും. വിദ്യാർഥികൾക്ക് പ്രയോജനപ്രദമാകുന്ന വിധത്തിൽ എങ്ങനെയാണ് കേന്ദ്രഫണ്ട് വിനിയോഗിക്കാൻ കഴിയുക എന്ന് പരിശോധിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. സി.പി.ഐ വിമർശനമുന്നയിച്ച പശ്ചാത്തലത്തിൽ ചർച്ച ചെയ്യുമെന്ന് എൽ.ഡി.എഫ് കൺവീനറും വ്യക്തമാക്കിയതാണ്. എൽ.ഡി.എഫ് കൂടിയാലോചിച്ച് തീരുമാനിക്കുന്നതുവരെ മാധ്യമങ്ങൾ ക്ഷമ കാണിക്കുന്നതാണ് ഉചിതമെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി. അതേസമയം, പി.എം ശ്രീയിൽ ഒപ്പുവെച്ച വാർത്തയോട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സി.പി.ഐ ദേശീയ നേതൃത്വം രൂക്ഷ പ്രതികരണമാണ് നടത്തിയത്. സി.പി.എം നിലപാട് മാറ്റിയോ എന്ന് എം.എ. ബേബി പറയട്ടെ എന്നും ഒരു പാർട്ടിയും മുന്നണിമര്യാദ ലംഘിക്കരുതെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുറന്നടിച്ചു. ആർ.എസ്.എസ്-ബി.ജെ.പി അജണ്ട വിദ്യാഭ്യാസത്തിൽ ഒളിച്ചുകടത്താനും വിദ്യാഭ്യാസം സ്വകാര്യവത്കരിക്കാനുമുള്ള നീക്കത്തിൽ കേരള സർക്കാർ നിന്നുകൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പദ്ധതിയിൽനിന്ന് പിന്മാറണമെന്നും രാജ ആവശ്യപ്പെട്ടു. മുന്നണിമര്യാദ ലംഘനം ഗൗരവമായിട്ടുതന്നെയാണ് പാർട്ടി ദേശീയനേതൃത്വം കാണുന്നത്. ധാർമികമായ മൂല്യങ്ങളിൽ ഊന്നിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നിലനിൽക്കുന്നത്. ആർക്കും ആ മൂല്യങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ല. വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. സംസ്ഥാനങ്ങളുടെ പരിധിയിൽപ്പെട്ട വിദ്യാഭ്യാസത്തെ തട്ടിയെടുത്ത് കേന്ദ്രത്തിന് കീഴിൽ കൊണ്ടുവരുകയാണ്. പദ്ധതിയെ സി.പി.എം അടക്കം എല്ലാം ഇടതു പാർട്ടികളും നിരന്തരം എതിർത്തിട്ടുണ്ടെന്നും രാജ പറഞ്ഞു. ഞങ്ങളെ ബോധ്യപ്പെടുത്തുമെന്ന് സി.പി.എം നേതാക്കൾ പറയുന്നുണ്ട്. ആരു ബോധ്യപ്പെടുത്തുമെന്ന് തങ്ങൾക്കറിയില്ല. സി.പി.എം നിലപാട് മാറ്റിയോ എന്ന് എം.എ. ബേബി പറയട്ടെ. ഒരു പാർട്ടിയും മുന്നണിമര്യാദ ലംഘിക്കരുത്. മന്ത്രി വി. ശിവൻകുട്ടിയുടെ നടപടി മുന്നണി മര്യാദകളുടെ ലംഘനമാണെന്നും ഡി. രാജ പ്രതികരിച്ചു.





