സൈബർ കുറ്റകൃത്യങ്ങളും ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗവും; ബോധവത്കരണവുമായി എസ്.ബി.ഐ
മലപ്പുറം: സൈബർ കുറ്റകൃത്യങ്ങളും വിദ്യാർഥികളുടെ അടക്കമുള്ള ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗവും വർധിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ പരിപാടികളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 27 മുതൽ നവംബർ രണ്ട് വരെ ബോധവത്കരണ പരിപാടികൾ നടത്തും. സൈബർ കുറ്റകൃത്യങ്ങൾ, മണി മ്യൂൾ അക്കൗണ്ടുകളുടെ അപകടസാധ്യതകൾ, മുന്നറിയിപ്പുകളും പ്രതിരോധവും തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് അധ്യാപകർ വഴി വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ ബോധവത്കരണം നൽകുന്നത്. പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മലപ്പുറം ഗവ. കോളജിൽ ജില്ലയിലെ കോളജുകളുടെയും ഹയർ സെക്കൻഡറി സ്കൂളുകളുടെയും പ്രിൻസിപ്പൽമാർക്കായി ശിൽപാശാല നടത്തുമെന്ന് എസ്.ബി.ഐ റീജണൽ മാനേജർ എം.ആർ. അഭിലാഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അധ്യാപകർ വഴി കൂടുതൽ കുട്ടികളിലേക്ക് അവബോധം എത്തിക്കാനാണ് ശ്രമിക്കുന്നത്. ജില്ലയിൽ ഒരോ മാസവും വിവിധ സൈബർ കേസുമായി ബന്ധപ്പെട്ട് 100ഓളം അക്കൗണ്ടുകൾ മരവിപ്പിക്കുന്നുണ്ട്. വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃത രീതിയിൽ പണം കൈമാറ്റം ചെയ്യാനും തട്ടിപ്പുകൾ നടത്താനും ശ്രമങ്ങൾ നടത്തുന്നുണ്ട്. അക്കൗണ്ടുകൾ താൽകാലികമായി വിട്ടുനൽകുന്നതിന് വിദ്യാർഥികൾക്ക് നിശ്ചിത തുക നൽകി പ്രലോഭനങ്ങളിലൂടെ ദുരുപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തിലാണ് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താൻ തീരുമാനിച്ചത്. ജില്ല ഭരണകൂടത്തിന്റെയും ജില്ല പൊലീസിന്റെയും സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. വിദ്യാർഥികളെയും കാമ്പസുകളെയും ബാധിക്കുന്ന സൈബർ തട്ടിപ്പുകളുടെ രീതികളെ തിരിച്ചറിവ് നൽകുക, ‘മണി മ്യൂൾ’ റിക്രൂട്ട്മെന്റ് തിരിച്ചറിയാനും തടയാനും സഹായിക്കുക, സ്ഥാപനങ്ങളിൽ അവബോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നത്.





