ഫിറ്റ്നസ് തീർന്നാലും സ്കൂൾ വാഹനങ്ങൾക്ക് ഓടാം; വിചിത്ര ഉത്തരവുമായി ഗതാഗത കമീഷണറേറ്റ്

തിരുവനന്തപുരം: സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് ഇല്ലാതെ നിരത്തിലിറങ്ങാൻ അവസരമൊരുക്കും വിധം നിയമവിരുദ്ധ ഉത്തരവിറക്കി ഗതാഗത കമീഷണറേറ്റ്. അധ്യയന വർഷത്തിനിടെ ഫിറ്റ്നസ് തീർന്ന വാഹനങ്ങൾക്ക് 2026 ഏപ്രിൽ വരെ ഫിറ്റ്നസ് നീട്ടിനൽകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉത്തരവിൽ പറയുന്നത്. കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കും വിധം സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സമ്മര്‍ദത്തിന് മോട്ടോർ വാഹന വകുപ്പ് വഴങ്ങുകയായിരുന്നു. ഓരോ അധ്യയന വർഷത്തിനും മുമ്പ് സ്‌കൂള്‍ വാഹനങ്ങള്‍ സാങ്കേതിക പിഴവുകള്‍ തീര്‍ത്ത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനക്ക് വിധേയമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ വർഷം ഈ സമയപരിധി പാലിക്കാത്ത ചില വാഹനങ്ങൾ മേയ് മാസത്തിന് ശേഷമാണ് ഫിറ്റ്നസ് പരിശോധനക്ക് വിധേയമായത്. ഇവക്ക് അധ്യയന വർഷത്തിനിടെ ഫിറ്റ്നസ് കഴിയുകയും ചെയ്തു. അധ്യയനം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ സമയം കിട്ടുന്നില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വാദം. മാനേജ്‌മെന്റുകള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് ഗതാഗത കമീഷണറേറ്റ് ഉത്തരവിറക്കിയത്. ഇതിനിടെ മറ്റൊരു മന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തീരുമാനമെന്നും ആരോപണമുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കില്ല. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button