ആർഎസ്എസ് ഗണഗീതത്തെ ദേശഭക്തി ഗാനമായി അവതരിപ്പിച്ച് ദക്ഷിണ റെയില്‍വെ; വിവാദമായതോടെ വീഡിയോ നീക്കി
എറണാകുളം: ആർഎസ്എസ് ഗണഗീതത്തെ ദേശഭക്തിഗാനമായി അവതരിപ്പിച്ച് റെയിൽവേ. കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം- ബംഗ്ളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ ആർഎസ്എസ് ഗണഗീതം പാടുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ചായിരുന്നു ദക്ഷിണ റെയിൽവെയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആദ്യയാത്രയിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികളാണ് ഗണഗീതം പാടിയത്. വിദ്യാർഥികൾ ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു. വിവാദമായതോടെ വീഡിയോ നീക്കി.പുതിയ വന്ദേഭാരതിന്റെ ഉത്ഘാടനത്തിന്റെ ഭാഗമായി നടത്തിയ വ്യത്യസ്തങ്ങളായ മത്സരയിനങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനിച്ചിരുന്നു.കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായാണ് ഫ്ലാഗ് ഓഫ് ചെയ്തത്.രാവിലെ അഞ്ച് മണിക്കാണ് ട്രെയിൻ ബംഗളൂരുവിൽ നിന്ന് പുറപ്പെടുക. രണ്ട് മണിയോടെ ട്രെയിൻ എറണാകുളത്തെത്തും. തുടർന്ന് 2.20ഓടെ പുറപ്പെട്ടിട്ട് രാത്രി 11ന് ബംഗളൂരുവിലെത്തുന്ന തരത്തിലാണ് ട്രെയിനിന്റെ സമയം സജ്ജീകരിച്ചിട്ടുള്ളത്. ഉത്ഘാടനത്തിന്റെ ഭാഗമായി രാവിലെ എട്ടുമണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നടത്തിയ സ്പെഷൽ സർവീസിലാണ് വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം ചൊല്ലിച്ചത്.





