വീട് തകര്‍ന്ന് വീണത് കുട്ടികള്‍ കളിക്കുന്നതിനിടെ’; സഹോദരങ്ങളുടെ വിയോഗത്തില്‍ ദുഃഖം താങ്ങാനാകാതെ അട്ടപ്പാടി
‘
പാലക്കാട്: അട്ടപ്പാടിയിൽ വീട് തകർന്ന് വീണ് മരിച്ച കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. അഗളി സമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് പോസ്റ്റുമോർട്ടം നടക്കുക . ശനിയാഴ്ച വൈകുന്നേരമാണ് കളിക്കുന്നതിനിടെ കുട്ടികളുടെ മുകളിലേക്ക് വീട് തകർന്ന് വീണത്. കരുവാര ഊരിലെ അജയ് – ദേവി ദമ്പതികളുടെ ആദി(7) ,അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ ആറു വയസുകാരി അഭിനയ പരിക്കുകളോടെ ചികിത്സയിലാണ്.2016ൽ നിർമാണം നിർത്തിവെച്ചിരുന്നു വീടിന്റെ സൺ ഷെഡാണ് കുട്ടികളുടെ മുകളിൽ വീണത്. കുട്ടികൾ ഈ ഭാഗത്ത് സ്ഥിരമായി കളിക്കാറുള്ളതായി പ്രദേശവാസികൾ പറഞ്ഞു. മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ അകത്തുള്ള പ്രദേശമാണ് കരുവാര ഊര്.അപകടം സംഭവിച്ച കുട്ടികളെ ആദ്യം ബൈക്കിലും പിന്നീട് വനം വകുപ്പിന്റെ ജീപ്പിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ കുട്ടി കരുവാരയിലേക്ക് വിരുന്നു വന്ന കുട്ടിയാണ്. സർക്കാർ പദ്ധതി ഉപയോഗിച്ച് നിർമാണം നടത്തുന്ന വീടാണ് അപകടത്തിൽ പെട്ടത്.





