രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് സ്ഫോടനം: എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ മുന്നറിയിപ്പ്; ഡൽഹിയിലെ മാർക്കറ്റുകൾ അടക്കാൻ നിർദേശം

ന്യൂഡൽഹി: 13 പേർ കൊല്ലപ്പെട്ട ഡൽഹി ചെങ്കോട്ടയിലെ കാർ സ്ഫോടനത്തിന് പിന്നാലെ രാജ്യവും രാജ്യതലസ്ഥാനമായ ഡൽഹിയും കനത്ത ജാഗ്രതയിൽ. രാജ്യത്തെ പ്രമുഖ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലും നഗരപ്രദേശങ്ങളിലെ വാഹനങ്ങളിലും ബോംബ് സ്ക്വാഡുകളും ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തുന്നുണ്ട്. മുംബൈ, കൊൽക്കത്ത, ഡെറാഡൂൺ അടക്കമുള്ള നഗരങ്ങളിലും ഹരിയാന, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലുമാണ് അതിജാഗ്രതാ നിർദേശം നൽകിയത്. സംസ്ഥാന പൊലീസിന്‍റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ പരിശോധന നടക്കുകയാണ്. കൂടാതെ, ഡൽഹിയിലെ മാർക്കറ്റുകൾ അടക്കാൻ ഡൽഹി പൊലീസ് നിർദേശം നൽകി. ചാന്ദ്നി ചൗക്ക് മാർക്കറ്റിന് ചുറ്റും ഡൽഹി പൊലീസിന്‍റെ പ്രത്യേക സ്ക്വാഡും നാഷണൽ സെക്യൂരി ഗാർഡും (എൻ.എസ്.ജി) സുരക്ഷാ വലയം തീർത്തിട്ടുണ്ട്. ചെങ്കോട്ട, ഡൽഹി മെട്രോ സ്റ്റേഷനുകൾ, ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളം, സുപ്രധാന സർക്കാർ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ അതിജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ സി.ഐ.എസ്.എഫ് സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ഡൽഹി-നോയ്ഡ അതിർത്തിയിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയിലെ ലാൽകിലാ മെട്രോ സ്റ്റേഷന്‍റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 13 പേർ മരിച്ചു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവർ എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയ അന്വേഷണ ഏജൻസി, എൻ.എസ്.ഡി ബോംബ് സ്ക്വാഡ്, ഫോറൻസിക് സംഘം അടക്കമുള്ള അന്വേഷണ ഏജൻസികൾ സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button