ഡോക്ടർ ബൈസ്റ്റാൻഡറെ പീഡിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവ്: ആൾമാറാട്ടം നടത്തിയ യുവാവും ആളുമാറി ഡോക്ടറെ മർദിച്ച യുവതിയും അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർ കൂട്ടിരിപ്പുകാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചന്ന പരാതിയില്‍ വഴിത്തിരിവ്.ഡോക്ടറെന്ന വ്യാജേന ബൈ സ്റ്റാൻഡറെ ബന്ധപ്പെട്ടത് കുറ്റിക്കാട്ടൂർ സ്വദേശി നൗഷാദാണെന്ന് (27) പൊലീസ് കണ്ടെത്തി. യുവാവിനെ പൊലീസ് പിടികൂടി. ആളുമാറി ഡോക്ടറെ മർദിച്ച യുവതിയെയും പൊലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിലിലാണ് മെഡിക്കൽ കോളജിലെ ഡോ.വിജയ് എന്ന വ്യാജേന നൗഷാദ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാനും പണം തട്ടാനും ആരംഭിച്ചത്. ഭാര്യയുടെ ചികിത്സക്കിടെയാണ് മെഡിക്കൽ കോളജിൽ നിന്ന് നൗഷാദ് യുവതിയെ കാണുന്നത്. യുവതിയുടെ നമ്പർ കൈക്കലാക്കി മെഡിക്കൽ കോളജിലെ പിജി ഡോക്ടർ എന്ന വ്യാജേന യുവതിക്ക് വാട്‌സാപ്പ് സന്ദേശമയച്ചു. ഫോണിലൂടെ വിവാഹ അഭ്യർഥന നടത്തി നാലുതവണ വീട്ടിലെത്തി പീഡിപ്പിക്കുകയും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും യുവതിയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്നാണ് യുവതി മെഡിക്കൽ കോളജിലെത്തുകയും ഡോ.വിജയിയെ മർദിക്കുകയും ചെയ്തത്. ഇതിനെതിരെ ഡോ. വിജയ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. ഇദ്ദേഹത്തിനെതിരെ യുവതിയും മാനനഷ്ടത്തിന് ചേവായൂർ പൊലീസിൽ പരാതി നൽകി. രണ്ടു പരാതികളും അന്വേഷിച്ചപ്പോഴാണ് ഡോ.വിജയ് അല്ല യുവതിയെ കബളിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.കളഞ്ഞുകിട്ടിയ സിം കാർഡ് നമ്പറിൽ നിന്നാണ് പ്രതി നൗഷാദ് യുവതിയെ ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് പറയുന്നത്. തുടർന്ന് യഥാർഥ പ്രതിയായ നൗഷാദിനെ പൊലീസ് കണ്ടെത്തി. ഡ്യൂട്ടിക്കിട ഡോക്ടറെ മർദിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.





