വയനാട്ടില്‍ സിപ് ലൈന്‍ അപകടമെന്ന പേരില്‍ എഐ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റില്‍

വയനാട്: വയനാട്ടില്‍ സിപ് ലൈന്‍ അപകടമെന്ന തരത്തില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി അഷ്‌കര്‍ അലിയാണ് പിടിയിലായത്. വയനാട് സൈബര്‍ സെല്‍ സി ഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് അഷ്‌കര്‍ അലിയെന്ന് പോലിസ് പറഞ്ഞു. വയനാട്ടില്‍ സിപ് ലൈന്‍ തകര്‍ന്ന് അപകടമുണ്ടായി എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. ഇതൊരു എഐ വീഡിയോയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു അപകടവും ജില്ലയില്‍ റിപോര്‍ട്ടു ചെയ്തിട്ടില്ലെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

ഒരു യുവതിയും കുഞ്ഞും സിപ് ലൈനില്‍ കയറുന്നതും കയറിയ ഉടനെ സിപ് ലൈന്‍ തകര്‍ന്ന് ഇരുവരും താഴേക്കു വീഴുന്നതും സിപ് ലൈന്‍ ഓപ്പറേറ്റര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്കു വീഴുന്നതുമായ ദൃശ്യങ്ങളാണ് ‘വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്’ എന്ന അടിക്കുറിപ്പോടെ പ്രചരിച്ചത്. വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് വ്യാജ വീഡിയോ പ്രചരിച്ചത്. തുടര്‍ന്ന് സൈബര്‍ പോലിസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയിരിക്കുകയാണ്. എന്തിനാണ് ഇയാള്‍ ഇത്തരത്തില്‍ വ്യാജ വീഡിയോ നിര്‍മിച്ചതെന്ന് വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button