ആംബുലൻസിന് തീപിടിച്ച് ഒരുദിവസം പ്രായമായ കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേർ വെന്തുമരിച്ചു

പാലൻപൂർ:ഗുജറാത്തിലെ അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി മൊദാസയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്. പ്രസവിച്ച് ഒരു ദിവസം പ്രായമായ ആണ്‍ കുഞ്ഞ്,പിതാവ്,ഡോക്ടര്‍,നഴ്സ് എന്നിവരാണ് മരിച്ചത്. മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. മഹിസാഗർ ജില്ലയിലെ ലുനാവാഡയിലെ മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് കുഞ്ഞിനെ ആദ്യം കൊണ്ടുവന്നത്. എന്നാല്‍ കുഞ്ഞിന്റെ നില വഷളായതിനെത്തുടർന്ന്, അഹമ്മദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ ഉപദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുവരാൻ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഓറഞ്ച് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നിന്നാണ് ഡോക്ടറും നഴ്‌സും ഉൾപ്പെടുന്ന ആംബുലൻസ് അയച്ചതെന്ന് ആരവല്ലി എസ്പി മനോഹർസിങ് ജഡേജ പറഞ്ഞു. കുഞ്ഞിന്റെ അച്ഛൻ ജിഗ്നേഷ് മോച്ചി (38), മറ്റ് രണ്ട് കുടുംബാംഗങ്ങൾ എന്നിവർ ആംബുലൻസിൽ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. എന്നാൽ, മൊദാസയിൽ നിന്ന് ഏതാനും കിലോമീറ്റർ പിന്നിട്ടപ്പോള്‍ വാഹനം പെട്ടെന്ന് തീപിടിച്ചു. തീ പെട്ടന്ന് ആളിപ്പടരുകയും അഗ്നിശമന സേന എത്തി തീ അണയ്ക്കുന്നതിന് മുമ്പ് കുഞ്ഞ്, അച്ഛൻ, ഡോക്ടർ, നഴ്‌സ് എന്നിവർ മരിച്ചിരുന്നു. മരിച്ച ഡോക്ടർ അഹമ്മദാബാദിൽ നിന്നുള്ള 30 വയസ്സുള്ള രാജ്കരൺ ശാന്തിലാൽ റെന്റിയ ആണെന്നും നഴ്‌സ് ആരവല്ലി ജില്ലയിൽ താമസിക്കുന്ന ഭൂരി മനാത്ത് (23) ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായ പൊള്ളലേറ്റു. ഡ്രൈവറുടെ ക്യാബിനിൽ ഇരുന്നിരുന്ന മൂന്ന് പേർക്കാണ് ഗുരുതരമായി പരിക്കേറ്റതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ‌ഡി ദാബി പറഞ്ഞു. “അടിയന്തര വൈദ്യസഹായത്തിനായി അവരെ ആശുപത്രിയിലേക്ക് അയച്ചു. അതേസമയം, കൂടുതൽ നടപടികൾക്കായി ഫോറൻസിക് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button