മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് നിർബന്ധമില്ലെന്ന് കമീഷൻ
മുംബൈ: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് നിർബന്ധമല്ലെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമീഷൻ. ഒരു സീറ്റിൽ വിവിധ പദവികളിലേക്ക് വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇത് സാങ്കേതികമായി പ്രായോഗികമല്ലെന്ന് കമീഷൻ ബോംബെ ഹൈകോടതിയിൽ ബോധിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിവി പാറ്റ് ഉപയോഗിക്കില്ലെന്ന തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രഫുല്ല ഗുദാദേ നൽകിയ ഹരജിയിൽ ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് മുമ്പാകെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റ് ഉപയോഗിക്കണമെന്ന സുപ്രീം കോടതി നിർദേശം കോടതി ചൂണ്ടിക്കാട്ടിയപ്പോൾ അത് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മാത്രം ബാധകമാണെന്നായിരുന്നു കമീഷന്റെ മറുപടി. 2017ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വിവിപാറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് കമീഷൻ കോടതിയിൽ വ്യക്തമാക്കി. കേസിൽ വ്യാഴാഴ്ച വാദം തുടരും.





