ഇനി അപരന്മാരുടെ ശല്യമാണെന്ന് പറയില്ലല്ലോ… തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുവാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെല്ലാം ഒരേ പേരുകാര്‍ ; കൊറ്റനാട്ടെ പന്ത്രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്നത് മൂന്ന് സുനിതമാര്‍

പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന ശല്യങ്ങളിലൊന്ന് അപരന്മാരില്‍ നിന്നുള്ള ആക്രമണമാണ്. എന്നാല്‍ കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡില്‍ എന്നാല്‍ ഈ ആക്ഷേപം ഉണ്ടാകില്ല. കാരണം മൂന്ന് മുന്നണിയിലും മത്സരിക്കുന്നത് ഒരേ പേരുകാരാണെന്നതാണ് കൗതുകം. ഇനി വോട്ടര്‍മാര്‍ക്ക് ചിഹ്നം വെച്ച് സ്വന്തം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും.

എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളിലെ സ്ഥാനാര്‍ത്ഥികളെല്ലാം സുനിതമാരാണ്. എന്‍ കെ സുനിതയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി എ സുനിത എല്‍ഡിഎഫിനായി ജനവിധി തേടുമ്പോള്‍ എ കെ സുനിതയാണ് എന്‍ഡിഎക്കായി മത്സരിക്കുന്നത്. ഇനീഷ്യല്‍ കൊണ്ട് തിരിച്ചറയാമെന്ന് വെച്ചാല്‍ പേരിനൊപ്പമുള്ള ഇനിഷ്യലുകളും ഏതാണ്ട് മാറിപ്പോകുന്ന സ്ഥിതിയുണ്ട്.

പേര് മാത്രമല്ല പേരിനൊപ്പം മൂന്ന് പേര്‍ക്കും രണ്ട് അക്ഷരങ്ങള്‍ മാത്രമാണ് ഇനീഷ്യല്‍. ഒരാള്‍ എന്‍ കെ ആണെങ്കില്‍ മറ്റെയാള്‍ എ കെയാണ്. പേരുകളിലെ സാമ്യത യാദൃശ്ചികമാണെന്നാണ് മുന്നണികളുടെ പ്രതികരണം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച ശേഷമാണ് പേരിലെ കാര്യം അറിയുന്നത്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റായ എന്‍ കെ സുനിത അങ്കണവാടി ജീവനക്കാരിയാണ്.
മഹിളാ അസോസിയേഷന്‍ പഞ്ചായത്ത് കമ്മിറ്റി അംഗമായ പി എ സുനിത പത്തനംതിട്ട കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെ അപ്രന്റീസാണ്. എ കെ സുനിത വീട്ടമ്മയാണ്. സ്വന്തം സുനിതമാരെ വോട്ടര്‍മാര്‍ക്ക് കൃത്യമായി മനസ്സിലാക്കിക്കൊടുക്കുന്ന തിരക്കിലാണ് പാര്‍ട്ടി അണിക്കാര്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button