ധോണിക്കൊപ്പം കളിക്കുന്നതൊരു സ്വപ്നം, ഞാന്‍ വളരെ ആവേശത്തില്‍: സഞ്ജു
എം.എസ് ധോണിക്കൊപ്പം കളിക്കുകയെന്നത് ഒരു സ്വപ്നമായിരുന്നെന്നും മാസങ്ങള്‍ക്കുള്ളില്‍ അത് സാക്ഷാത്കരിപ്പെടുമെന്നതില് ഏറെ സന്തോഷവാനാണെന്നും മലയാളി താരം സഞ്ജു സാംസണ്. താന്‍ ആദ്യമായി ധോണിയെ കാണുന്നത് 19ാം വയസിലായിരുന്നുവെന്നും അന്ന് തൊട്ട് താരത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വിധിയാണ് അങ്ങനെയൊരു ഭാഗ്യം തന്നതെന്നും കഴിഞ്ഞ അഞ്ച് മാസമായി താന്‍ ആവേശത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സി.എസ്.കെയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
‘ചെന്നൈയില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷേ, അവിടെ എല്ലാവര്ക്കും അറിയുന്ന ഒരാളുണ്ട്. എം.എസ്. ധോണി. 19ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടിയത്.
ടീമിന്റെ ക്യാപ്റ്റന്‍ അദ്ദേഹമായതിനാല്‍ 10 – 12 ദിവസം മഹി ഭായിയുമായി സംസാരിച്ചു. അതിന് ശേഷം ഐ.പി.എല്ലില്‍ അദ്ദേഹത്തെ കാണുമ്പോഴെല്ലാം അഞ്ചോ പത്തോ ആളുകള്‍ അദ്ദേഹത്തിന് ചുറ്റുമുണ്ടാവും. അതോടെ അദ്ദേഹത്തോട് ഒറ്റയ്ക്ക് സംസാരിക്കാനുള്ള ശക്തമായ ആഗ്രഹം എന്നിലുണ്ടായി.
വിധിയാണ് ഇപ്പോള്‍ ഞങ്ങളെ ഒരുമിപ്പിച്ചത്. ആ മാസങ്ങള്‍ അദ്ദേഹത്തോടൊപ്പം ഒരേ ഡ്രസിങ് റൂമില്‍ ചെലവഴിക്കാന്‍ സാധിക്കുമെന്നത് തന്നെ എന്നെ ആവേശത്തിലാക്കുന്നു.
മഹി ഭായിയെ കാണാനും സംസാരിക്കാനും പരിശീലിക്കാനും മത്സരങ്ങള്‍ കളിക്കാനും ഞാന്‍ വളരെ ആവേശത്തിലാണ്. വൗ! അതിനെകുറിച്ച് ചിന്തിക്കുന്നത് തന്നെ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു,’ സഞ്ജു പറഞ്ഞു.
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഈ മാസം 15നാണ് സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്സില്‍ എത്തിയത്. സൂപ്പര്‍ താരങ്ങളായ രവീന്ദ്ര ജഡേജയെയും സാം കറനിനെയും രാജസ്ഥാന് റോയല്‍സിന് കൈമാറിയാണ് മലയാളി താരത്തെ ടീമിലെത്തിച്ചത്.





