ട്രെയിനിലെ എസി കോച്ചിനുള്ളിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് ന്യൂഡിൽസ് പാകം ചെയ്തു; വീഡിയോ പ്രചരിച്ചതിന് പിന്നാലെ യാത്രക്കാരിക്കെതിരെ നടപടി
മുംബൈ: നിയമം ലംഘിച്ച് ട്രെയിനുള്ളിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് ന്യൂഡിൽസ് പാചകം ചെയ്ത് യാത്രക്കാരി. ഇതിന്റെ വീഡിയോ വൈറലായതോടെ യുവതിക്കും സോഷ്യൽമീഡിയ ചാനലിനുമെതിരെ നടപടി എടുക്കുമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായത്.വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞെന്നും റെയിൽവേ വ്യക്തമാക്കി. സുരക്ഷാനടപടികൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ അധികൃതർ ഇത്തരം പ്രവർത്തനങ്ങൾ തീപിടിത്തത്തിനും മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും കാരണമാകുമെന്നും അറിയിച്ചു.ട്രെയിനിലെ എസി കോച്ചിലാണ് യുവതി ന്യൂഡിൽസ് പാചകം ചെയ്തത്. മറാഠിയിലാണ് യുവതി സംസാരിക്കുന്നത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എന്നാൽ പല യാത്രക്കാരും ഇലക്ട്രിക് കെറ്റിൽ ഉപയോഗിക്കാറുണ്ടെന്ന് യാത്രക്കാരി ആരോപിച്ചു. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





