വനിതാ ഐ.പി.എൽ താരലേലം: കോടിത്തിളക്കത്തിൽ മലയാളി താരം ആശ ശോഭന; സജനക്ക് 75 ലക്ഷം; ദീപ്തി ശർമക്ക് 3.20 കോടി

ന്യൂഡൽഹി: വനിതാ ഐ.പി.എല്ലിൽ വൻ താരമൂല്യവുമായി മലയാളി താരങ്ങൾ. തിരുവനന്തപുരം സ്വദേശിയായ ഓൾറൗണ്ടർ ആശ ശോഭനയെ 1.10 കോടി രൂപക്ക് യു.വി വാരിയേഴ്സ് സ്വന്തമാക്കിയപ്പോൾ, വയനാട് സ്വദേശിയായ ഓൾറൗണ്ടർ സജന സജീവനും തിളങ്ങി. 75 ലക്ഷം രൂപക്ക് മുൻ ടീമായ മും​ബൈ ഇന്ത്യൻസാണ് സജനയെ തങ്ങളുടെ നിരയിലെത്തിച്ചത്. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ​വനിതാ ഐ.പി.എൽ ലേലത്തിൽ 30 ലക്ഷം അടിസ്ഥാന വിലയിട്ട ലെഗ് സ്പിന്നർ ആശയെ ഡൽഹി കാപിറ്റൽസിന്റെയും ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെയും മോഹങ്ങളെ മറികടന്ന് യു.പി വാരിയേസ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു സീസണിലും മുംബൈക്കായി കളിച്ച, സജന സജീവൻ വരും സീസണിലും മുംബൈ ഇന്ത്യൻസിനായി കളിക്കും. 75 ലക്ഷ രൂപക്കാണ് വയനാട് സ്വദേശിയായ ഓൾറൗണ്ട് താരത്തെ തങ്ങളുടെ നിരയിലെത്തിച്ചത്. 30 ലക്ഷമായിരുന്നു ഇവരുടെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ ആർ.സി.ബി താരമായിരുന്നു തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന. 2023ൽ ആർ.സി.ബി പത്ത് ലക്ഷത്തിന് കരാറിൽ ഒപ്പുവെച്ചതാരമാണ് രണ്ടു സീസണിനിപ്പുറം കോടികൾ മൂല്യമുള്ള താരമായി ഉയർന്നത്. കഴിഞ്ഞ സീസണിൽ 10 കളിയിൽ 12 വിക്കറ്റുമായി തിളങ്ങി. 2024 മേയിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ താരം ദീപ്തി ശർമയാണ് ഏറ്റവും വിലയേറിയ താരമായി മാറിയത്. യു.പി. വാരിയേഴ്സ് 3.2 കോടിയെറിഞ്ഞാണ് താരത്തെ തങ്ങളുടെ നിരയിലെത്തിച്ചത്. ന്യൂസിലൻഡ് ഓൾറൗണ്ടർ സോഫി ഡിവൈനെ രണ്ട് കോടിക്ക് ഗുജറാത്ത് ജയന്റ്സും, ന്യൂസിലൻഡിന്റെ മറ്റൊരു താരം അമേലിയ കെറിനെ മൂന്ന് കോടിക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി.അതേസമയം, മലയാളി താരം മിന്നു മണിയെ ലേലത്തിൽ ആരും വിളിച്ചില്ല. അടുത്ത വർഷം ജനുവരിയിലാണ് ​വനിതാ ഐ.പി.എൽ മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്.മുൻനിര താരങ്ങളെ വിവിധ ടീമുകൾ നേരത്തെ തന്നെ നിലനിർത്തിയിരുന്നു. ആറു ടീമുകളിലായി ശേഷിച്ച 73 താരങ്ങൾക്കയാണ് ലേലം നടന്നത്. ഇവരിൽ 23 വിദേശ താരങ്ങളായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button