തിരഞ്ഞെടുപ്പ് വരുമ്പോള്‍ പല കള്ളക്കേസുകളും ഉണ്ടാകും..; രാഹുലിനെ ന്യായീകരിച്ച് അടൂര്‍ പ്രകാശ്
യുവതി നല്‍കിയ ലൈംഗികപീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ എന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്.
കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേസ് തെളിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോള്‍ പരാതി വരാന്‍ കാരണം തിരഞ്ഞെടുപ്പ് ആണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇന്ന് യുവതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്.
ഏറെ നാളത്തെ ആരോപണങ്ങള്‍ക്ക് ശേഷമാണ് പരാതിയുമായി അതിജീവിത രംഗത്തെത്തിയിരിക്കുന്നത്. ശബ്ദസന്ദേശങ്ങള്‍ അടക്കം പുറത്ത് വന്നിട്ടും പരാതി നല്‍കിയിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ അടക്കം സജീവ സാഹചര്യത്തിലാണ് പരാതി എന്നതും ശ്രദ്ധേയമാണ്. ഇത്രയും കാലം Who cares എന്ന ചോദ്യമുയര്‍ത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങളെ നേരിട്ടത്.
എന്നാല്‍ ഇപ്പോള്‍ രാഹുലിന് കുറുക്ക് മുറുകിയിരിക്കുകയാണ്. തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. പരാതി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
ലൈംഗിക ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കൂടുതല്‍ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേകാലമായി യുവതി മാനസികമായി സമ്മര്‍ദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കാന്‍ ഒരുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് സൂചന.





