മുഖ്യമന്ത്രിക്ക് പുത്തൻ കാറുകൾ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു; ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി, നിലവിലുള്ള രണ്ടു കാറുകളും മാറ്റും
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്ക് പുതിയ കാറുകൾ വാങ്ങാൻ 1.1 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ്. മുഖ്യമന്ത്രിയുടെ നിലവിലുള്ള രണ്ട് കാറുകൾ മാറ്റി പുതിയ കാറുകൾ വാങ്ങാനാണ് തുക അനുവദിച്ചത്. പൊലീസ് വകുപ്പിന്‍റെ ഹെഡ് ഓഫ് അക്കൗണ്ടിൽ അധിക ഫണ്ടായാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ ചെലവ് ചുരുക്കൽ ഉൾപ്പെടെ സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് കൂടി തുടരാൻ ഉത്തരവിറക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പുതിയ കാറുകൾ വാങ്ങാൻ ഉത്തരവിറക്കിയത്. സാമ്പത്തികനില കണക്കിലെടുത്ത് 2020 മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു വർഷത്തേക്ക് കൂടി തുടരുന്നത്. കെട്ടിടങ്ങളുടെ മോടി കൂട്ടൽ, ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നീ ചെലവുകൾ നിയന്ത്രണത്തിൽ ഉൾപ്പെടുന്നുണ്ട്. ഇത് അവഗണിച്ചാണ് ഇളവ് വരുത്തി തുക അനുവദിച്ചത്.




