വാട്സാപ്പിൽ വിവാഹ ക്ഷണക്കത്ത് ലഭിച്ചോ? നിങ്ങളുടെ മുഴുവൻ പണവും നഷ്ടപ്പെട്ടേക്കാം
ന്യൂഡൽഹി: ഈ വിവാഹ സീസണിൽ ഒന്നിലധികം വിവാഹ കാർഡുകൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. പണ്ടൊക്കെ നേരിട്ട് വന്നാണ് ക്ഷണക്കത്ത് നൽകിയിരുന്നതെങ്കിൽ ഇന്ന് അതെല്ലാം ഡിജിറ്റലായിട്ടുണ്ട്. ഒരു വാട്സാപ്പ് മെസ്സേജിൽ ഇന്നത്തെ ക്ഷണം കഴിയും. എന്നാൽ ഒരു വ്യാജ വിവാഹ കാർഡ് തുറക്കുന്നതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടപ്പെടുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഉത്തർപ്രദേശിലെ തട്ടിപ്പുകാർ ബിജ്നോറിലെയും അമ്രോഹയിലെയും ആളുകളിൽ നിന്ന് പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ വാട്സാപ്പിൽ വ്യാജ വിവാഹ ക്ഷണക്കത്തുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. കേരളത്തിൽ ഉൾപ്പെടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായവരുണ്ട്. ഫോണുകളിലേക്ക് വരുന്ന വ്യാജ ക്ഷണക്കത്തുകളിൽ ഒരു വൈറസ് ഇൻസ്റ്റാൾ ചെയ്യുന്ന ഒരു ലിങ്ക് അടങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ ഫോണിനെ ബാധിക്കുന്നു.വിവാഹ കാർഡ് ആപ്സുകളുടെ സഹായത്തോടെ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ, പാസ്വേഡുകൾ, കോൺടാക്റ്റുകൾ എന്നിവയിലേക്ക് ആക്സസ് ചെയ്യാൻ കഴിയും. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബിജ്നോറിൽ ഇത്തരത്തിലുള്ള 15 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നവഭാരത് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് ധാംപൂർ നിവാസിയായ ഡോ. ഓംപ്രകാശ് ചൗഹാന് വിവാഹ ക്ഷണക്കത്ത് സന്ദേശം ലഭിക്കുകയും ലിങ്കിൽ ക്ലിക്ക് ചെയ്യുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 31,000 രൂപ നഷ്ടപ്പെട്ടു.തൽഫലമായി അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പരിചിതമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും, പരിശോധിച്ചുറപ്പിക്കാതെ കോളിലോ വാട്സാപ്പിലോ ആരുമായും OTP പങ്കിടരുതെന്നും പൊലീസ് ആളുകളോട് നിർദേശിച്ചിട്ടുണ്ട്.





