കനത്ത മഴ; ചെന്നൈയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി

ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചി, ഗുവാഹത്തി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും തിരിച്ചുമുള്ള പന്ത്രണ്ടോളം ആഭ്യന്തര വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഖത്തർ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ ഒരു മണിക്കൂർ വൈകി. ദിത്വ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദിത്വ ചുഴലിക്കാറ്റിന്റെ ആഘാതവും നഗരത്തിലെ നിലവിലുള്ള പ്രതികരണ നടപടികളും വിലയിരുത്തുന്നതിനായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, സംസ്ഥാന മന്ത്രി കെ.എൻ. നെഹ്‌റു, ചെന്നൈ മേയർ പ്രിയ രാജൻ എന്നിവർ ചൊവ്വാഴ്ച ചെന്നൈയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു. നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. ദിത്വ ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീവ്ര ന്യൂനമർദം വടക്കോട്ട് നീങ്ങുന്നതിനാൽ, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button