ബലാത്സംഗ കേസ്: കണ്ടിട്ടില്ല, കേട്ടില്ല, അറിയില്ല…; മൊഴിമാറ്റിയ സിദ്ദീഖും ഭാമയുമടക്കം 28 സാക്ഷികൾ കോടതിയിൽ പറഞ്ഞത്

കഴിഞ്ഞ എട്ടുവർഷമായി കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട നടിയെ ആക്രമിച്ച കേസിന്റെ വിധി ഡിസംബർ എട്ടിന് വരാനിരിക്കുകയാണ്. വിചാരണക്കാലത്ത് നിരവധി നാടകീയ സംഭവങ്ങളാണ് കേസുമായി ബന്ധപ്പെട്ടുണ്ടായത്. കേസിൽ 28 സാക്ഷികളാണ് വിചാരണക്കിടെ മൊഴിമാറ്റിയത്. കേസിൽ നടൻ ദിലീപ് 85 ദിവസം ജയിലിൽ കിടന്നതോടെ ചലച്ചിത്രമേഖലയെ പിടിച്ചുലച്ചു. നിരവധി പ്രതിസന്ധികളെ മറികടന്നാണ് ഡിസംബർ എട്ടിന് കോടതി വിധി പറയുന്നത്. ഇത്രയേറെ സാക്ഷികളുടെ കൂറുമാറ്റത്തിനിടയിലും നടിയെ തട്ടിക്കൊണ്ടുപോകലിലും ലൈംഗികാതിക്രമത്തിനും പിന്നിൽ ദിലീപാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.വിചാരണക്കിടെ മൊഴിമാറ്റിയ സാക്ഷികളെ കുറിച്ച് ദി ന്യൂസ് മിനുട്ടിൽ മരിയ തെരേസ രാജു തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്.പ്രോസിക്യൂഷന്റെ വാദം അനുസരിച്ച് ദിലീപിന് കാവ്യമാധവനുമായി ഉണ്ടായിരുന്ന വിവാഹേതരബന്ധത്തെ കുറിച്ച് അന്നത്തെ ദിലീപിന്റെ ഭാര്യയായ മഞ്ജുവാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണ്. ദിലീപിന് അതിന്റെ പേരിൽ ആക്രമിക്കപ്പെട്ട നടിയോട് കടുത്ത വിരോധമുണ്ടായിരുന്നുവെന്ന് മഞ്ജുവാര്യർ തന്നെ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയെ ചുമതലപ്പെടുത്തിയത് നടൻ ദിലീപാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നുണ്ട്. ചലച്ചിത്രതാരങ്ങൾ മുതൽ ദിലീപിന്റെയും കാവ്യയുടേയും ബന്ധുക്കളും ആശുപത്രിയിലെ ഡോക്ടർമാർ വരെ വിചാരണക്കിടെ കൂറുമാറി. ചലച്ചിത്രതാരങ്ങളായ ഭാമ, ബിന്ദുപണിക്കർ, സിദ്ദിഖ്, ഇടവേള ബാബു എന്നിവർ വിചാരണക്കിടെ കൂറുമാറി. ഇവരുടെ ആദ്യമൊഴികൾ ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സ്ഥാപിക്കാൻ സഹായിച്ചവയായിരുന്നു. അടുത്ത സുഹൃത്തുക്കളും ദീർഘകാലം സഹപ്രവർത്തകരായിരുന്നവരും വിചാരണക്കിടെ കൂറുമാറിയത് അതിജീവിതയെ സംബന്ധിച്ച് ഞെട്ടിക്കുന്നതായിരുന്നു. ചലച്ചിത്രമേഖലയിൽ കൂറുമാറിയ നിരവധി പേരുണ്ട്. അവരുടെ പേരുകൾ പലതും വിചാരണക്കാലത്ത് ചർച്ചചെയ്യപ്പെട്ടതുമാണ്. എന്നാൽ, കൂടുതൽ ചർച്ചചെയ്യപ്പെടാത്ത നിരവധി പേരുകാരുണ്ട്. ദിലീപിന്റെ ആശുപത്രി പ്രവേശന രേഖകൾ വ്യാജമായി നിർമ്മിച്ചതായി ആരോപിക്കപ്പെടുന്ന ഡോക്ടർമാർ മുതൽ, പൾസർ സുനിയും ദിലീപും സിനിമ ചിത്രീകരണ സമയത്ത് ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ ഹോട്ടൽ ജീവനക്കാരി വരെയുള്ള നിർണായക സാക്ഷികൾ വരെ കൂറുമാറിയവരിൽ ഉൾപ്പെടുന്നു.ആലുവയിലെ അൻവർ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. ഹൈദർ അലിയും സഹോദരൻ സലീമും അത്തരം രണ്ട് സാക്ഷികളാണ്. 2017 ഫെബ്രുവരി 17 ന് രാത്രിയിൽ താൻ ആശുപത്രിയിൽ ആയിരുന്നുവെന്ന് കാണിക്കുന്ന രേഖകൾ ദിലീപ് ഹാജരാക്കിയിരുന്നു. തട്ടിക്കൊണ്ട് പോകൽ സമയത്ത് ദിലീപ് കൂടെ ഉണ്ടായിരുന്നുവെന്ന വാദം പ്രോസിക്യൂഷൻ പോലും ഉന്നയിച്ചിട്ടില്ലായിരുന്നു. ഈ ഘട്ടത്തിലാണ് താൻ ആശുപത്രിയിലായിരുന്നു എന്നൊരു രേഖ ദിലീപ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, ഇത് വ്യാജരേഖയാണെന്ന് പൊലീസ് കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന രേഖ വ്യാജമായി നിർമ്മിച്ചതാണെന്ന് ആശുപത്രിയിലെ നഴ്‌സ് കോടതിയെ അറിയിച്ചു. എന്നാൽ, ഹൈദർ അലിയും സലീമും വിചാരണക്കിടെ അത് തള്ളിക്കളഞ്ഞു. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രശാലയായ ലക്ഷ്യയിലെ ജീവനക്കാരനായിരുന്ന സാഗർ വിൻസന്റാണ് ആദ്യമായി കൂറുമാറിയ സാക്ഷി. ഫെബ്രുവരി 22 ന് പൾസർ സുനിയും മറ്റൊരാളും ലക്ഷ്യ സ്റ്റോറിൽ എത്തി ഒരു പൊതി കൈമാറി എന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, വിചാരണക്കിടെ സാഗർ അത് നിഷേധിച്ചു. വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖയിൽ മൊഴിമാറ്റാൻ ദിലീപിന്റെ വക്കീൽ സാഗറിന് അഞ്ച് ലക്ഷം രൂപ നൽകിയതായി പറയുന്നുണ്ട്.കൂറുമാറിയ മറ്റ് രണ്ടാളുകളാണ് കാവ്യമാധവന്റെ സഹോദരനും മിഥുനും ഭാര്യ റിയയും. ഇരുവരും കാവ്യയുടെ ലക്ഷ്യയിൽ പങ്കാളികൾ കൂടിയാണ്. സുനി സ്ഥാപനത്തിൽ വന്നുവെന്ന് പൊലീസിനോട് ഇവർ സമ്മതിച്ചിരുന്നു. എന്നാൽ, വിചാരണക്കിടെ അവർ മൊഴിമാറ്റി. മൊഴിമാറ്റിയ മറ്റൊരാളാണ് ആലപ്പുഴ ആർക്കേഡിയ ഹോട്ടലിലെ ജീവനക്കാരി ഷെർലി അജിത്ത്. സൗണ്ട് തോമ സിനിമ ചിത്രീകരണത്തിനായി ദിലീപ് നടൻ മുകേഷിനൊപ്പം താമസിച്ച ഹോട്ടലിലെ ജീവനക്കാരിയായിരുന്നു ഷെർലി അജിത്ത്. നടൻമാർ താമസിച്ചിരുന്ന അതേ സമയം തന്നെ പൾസർ സുനിയും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് ഷെർലി പൊലീസിനോട് പറഞ്ഞിരുന്നു. (സുനി തന്റെ പേഴ്‌സണൽ ഡ്രൈവറായിരുന്നുവെന്ന് മുകേഷും കോടതിയിൽ സ്ഥിരീകരിച്ചിട്ടുണ്ട് ). ദിലീപിന്റെയും മുകേഷിന്റെയും താമസം സ്ഥിരീകരിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് ഹോട്ടലിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ, വിചാരണയ്ക്കിടെ ഷെർലി അജിത്ത് തനിക്ക് അത്തരത്തിൽ യാതൊരു അറിവുമില്ലെന്ന് പറഞ്ഞ് കൂറുമാറി. ഹോട്ടലിലെ രജിസ്റ്റർ താൻ പോലീസിന് കൈമാറിയിട്ടില്ലെന്നും ആരെങ്കിലും കൈമാറിയതായി അറിയില്ലെന്നും പറഞ്ഞു.ഗൂഢാലോചന കുറ്റത്തെ ദുർബലപ്പെടുത്തുന്നു കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പൾസർ സുനിയാണ് ഒന്നാം പ്രതി. ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. കുറ്റകൃത്യത്തിന്റെ സൂത്രധാരൻ എന്ന നിലയിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. 2013-ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ നടന്ന അമ്മയുടെ (എഎംഎംഎ) പരിപാടിയുടെ റിഹേഴ്‌സൽ സമയത്ത് ദിലീപ് സുനിയുമായി ബന്ധപ്പെട്ടു എന്ന് പ്രോസിക്യൂഷൻ പറയുന്ന ഒരു കൂടിക്കാഴ്ചയാണ് ആരോപണത്തിന്റെ കേന്ദ്രബിന്ദു. ദിലീപും പൾസർ സുനിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇതെന്നും പ്രോസിക്യൂഷൻ പറയുന്നു. അബാദ് പ്ലാസയിലെ റിഹേഴ്‌സൽ വേദിയിൽ വെച്ച് ആക്രമിക്കപ്പെട്ട നടി ദിലീപിന്റെയും തന്റെയും ഒരു ഫോട്ടോയെടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തു. ഇത് ദിലീപിനെ പ്രകോപിപ്പിച്ചു. എന്ന് കാവ്യമാധവൻ പൊലീസിനോട് പറഞ്ഞു. എന്നാൽ, വിചാരണക്കിടെ കാവ്യ അത് നിഷേധിച്ചു. ദിലീപ് ദേഷ്യപ്പെടലിന് മുമ്പ് കാവ്യ മാധവൻ സിദ്ദീഖിനോട് ഒരു പരാതി പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടി തന്നെയും ദിലീപിനേയും ചേർത്ത് അപവാദം പറഞ്ഞു എന്നായിരുന്നു കാവ്യ സിദ്ദിഖിനോട് പറഞ്ഞ പരാതി. സിദ്ദിഖ് നടിയെ അതിൽ നിന്ന് വിലക്കി എന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിലീപ് പരസ്യമായി ആക്രമിക്കപ്പെട്ട നടിയെ ഭീഷണിപ്പെടുത്തിയെന്നും തീ കൊളുത്തിക്കളയും എന്ന് പറഞ്ഞതായി ചലച്ചിത്രതാരങ്ങളായ സിദ്ദീഖും ഭാമയും പൊലീസിനോട് പറഞ്ഞിരുന്നു. ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനോട് പറഞ്ഞതിൽ ദിലീപിന് ദേഷ്യമുണ്ടെന്നും ഇരുവരും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കോടതിയിൽ ഇരുവരും അത് നിരാകരിച്ചു. ഒന്നും കണ്ടിട്ടില്ല, കേട്ടില്ല, അറിയില്ല എന്ന നിലപാടാണ് ഇരുവരും കോടതിയിൽ സ്വീകരിച്ചത്.ദിലീപിന്റെ പ്രതികാരങ്ങൾനാല് പതിറ്റാണ്ട് മുമ്പ് ഒരു മിമിക്രി കലാകാരനായി കരിയർ ആരംഭിച്ച ദിലീപ് പിന്നീട് മലയാള സിനിമയെ നിയന്ത്രിക്കുന്ന തലത്തിലേക്ക് വളർന്നു. ജനപ്രിയ താരമായി വളരുന്നതിനൊപ്പം നിർമ്മാതാവും തിയറ്റർ ഉടമയും വിതരണക്കാരനുമായി മാറി ദിലീപ്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും മുകളിൽ സ്വാധീനമുള്ള വ്യക്തിയാണ് ദിലീപെന്ന് മേഖലയിൽ ഉള്ളവർ പോലും വിശ്വസിച്ചിരുന്നു. ഈ സ്വാധീനം ഉപയോഗിച്ച് നടിയെ ഉപദ്രവിക്കാൻ ദിലീപ് ശ്രമിച്ചു എന്നും ആരോപണമുണ്ട്. വിഷയത്തിൽ ആക്രമിക്കപ്പെട്ട നടി അമ്മ( എഎംഎംഎ)ക്ക് പരാതി നൽകി. ദിലീപ് തന്നെ ഉപദ്രവിക്കുന്നുവെന്നും സിനിമയിലെ അവസരങ്ങൾ തടയുന്നു എന്നും പറഞ്ഞായിരുന്നു പരാതി. നടിയുടെ പരാതി ലഭിക്കുമ്പോൾ ഇടവേള ബാബുവായിരുന്നു അമ്മയുടെ ജനറൽ സെക്രട്ടറി. 2017 ജൂലൈ മാസത്തിൽ പൊലീസിന് നൽകിയ മൊഴിയിൽ ഈ പരാതിയെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ഇടവേള ബാബു പറയുന്നുണ്ട്. എന്നാൽ, ഇത്തരം പരാതികൾ രേഖയായി സൂക്ഷിക്കാറില്ലെന്നും ദിലീപിനോട് താൻ നേരിട്ട് സംസാരിച്ചിരുന്നുവെന്നും ബാബു പൊലീസിനോട് പറഞ്ഞിരുന്നു. ‘അനാവശ്യ കാര്യങ്ങളിൽ ഇടപെടരുതെന്ന് ‘ എന്ന് ദിലീപിനെ താക്കീത് ചെയ്തുവെന്നുമാണ് ഇടവേള ബാബു അന്ന് പൊലീസിനോട് പറഞ്ഞത്. വിചാരണക്കിടെ ഇടവേള ബാബു മൊഴി മാറ്റി. സിനിമയിൽ അവസരങ്ങൾ തടയുന്നതിനെ പറ്റി നടി തന്നോട് പറഞ്ഞിട്ടില്ലെന്നും ഇതിന് വിരുദ്ധമായൊരു മൊഴി താൻ പൊലീസിന് നൽകിയിട്ടില്ലെന്നുമായിരുന്നു വിചാരണ സമയത്തുള്ള ഇടവേള ബാബുവിന്റെ നിലപാട്. ഈ സമയത്ത് അമ്മയിൽ ദിലീപിനുണ്ടായിരുന്ന സ്വാധീനം ശ്രദ്ധിക്കേണ്ട കാര്യമാണ്. 2008 ൽ അമ്മക്ക് വേണ്ടി നിർമ്മിച്ച സിനിമ പ്രൊഡ്യൂസ് ചെയ്തത് ദിലീപായിരുന്നു. സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു കോടി രൂപ അമ്മയുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, വിചാരണക്കിടെ ഇടവേള ബാബു ദിലീപിന്റെ സംഭാവനകളെ നിസാരമാക്കിയാണ് കാണിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതി ചേർത്തതിന് ശേഷം ഇടവേള ബാബു ദിലീപിന്റെ സിനിമയിൽ അഭിനയിച്ചു എന്നതും ശ്രദ്ധേയമാണ്. ദിലീപിന് തന്നോടുള്ള പകയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി പല വനിത സഹപ്രവർത്തകരോടും പറഞ്ഞിരുന്നു. ഗീതുമോഹൻദാസിന്റേയും സംയുക്തവർമ്മയുടെ സാന്നിധ്യത്തിൽ ആക്രമിക്കപ്പെട്ട നടി ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് അന്ന് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവിനേട് പറഞ്ഞിരുന്നു. ഇക്കാര്യം ആക്രമിക്കപ്പെട്ട നടി തന്നെ പലരോടും പറഞ്ഞിരുന്നു.ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് അറിയാമെന്നും ബിന്ദു പണിക്കർ പൊലീസിനോട് മൊഴിനൽകിയിരുന്നു. ആക്രമിക്കപ്പെട്ട നടിയിൽ നിന്നും കാവ്യയിൽ നിന്നുമാണ് ഈ കാര്യങ്ങൾ അറിഞ്ഞത് എന്നായിരുന്നു ബിന്ദുപണിക്കർ പൊലീസിനോട് പറഞ്ഞത്. എന്നാൽ, 2020 ൽ വിചാരണക്കിടെ ബിന്ദു പണിക്കർ അത് നിഷേധിച്ചു. ‘ദിലീപിന്റെ ഭാര്യയോട് (മഞ്ജു) ദിലീപിന്റെയും കാവ്യയുടെയും കാര്യം ‘x’ പറഞ്ഞു.അത് കാവ്യക്ക് വിഷമമുണ്ടാക്കി എന്ന് ഞാൻ പൊലീസിന് മൊഴി നൽകിയിട്ടില്ല. അങ്ങനെ രേഖപ്പെടുത്തിയ മൊഴി ശരിയല്ല’ എന്നും ബിന്ദു പണിക്കർ വിചാരണക്കിടെ നിലപാട് സ്വീകരിച്ചു. 2019 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിൽ ദിലീപിന്റെ അമ്മയായി വേഷമിട്ടത് ബിന്ദു പണിക്കരാണ്. ഇവർ ദിലീപിനാൽ സ്വാധീനിക്കപ്പെട്ടു എന്നും പ്രോസിക്യൂഷൻ വാധിച്ചു. കൂറുമാറിയ മറ്റ് സാക്ഷികൾ ദിലീപിന്റെയും കാവ്യയുടെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയിരുന്നു. വ്യക്തമായ ചോദ്യങ്ങൾക്ക് പോലും മറുപടി നൽകാൻ വിസമ്മതിച്ചപ്പോൾ അവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. ഇതിൽ കാവ്യയുടെ മാതാപിതാക്കൾ, സഹോദരൻ മിഥുൻ, സഹോദരന്റെ ഭാര്യ റിയ എന്നിവർ ഉൾപ്പെടുന്നു. ദിലീപിന്റെ സുഹൃത്തുക്കളായ നാദിർഷാ, ബൈജു, ദിലീപിന്റെ സഹോദരൻ അനൂപ്, ഭാര്യാ സഹോദരൻ സൂരജ്, ഡ്രൈവർ അപ്പുണ്ണി, സെക്യൂരിറ്റി ദാസൻ എന്നിവരും കൂറുമാറി. ദിലീപിനൊപ്പം പൾസർ സുനിയെ കണ്ടതായി ആദ്യം പൊലീസിനോട് പറഞ്ഞ ഷൈൻ എന്ന പ്രൊഡക്ഷൻ മാനേജരെയും കൂറുമാറിയതായി പ്രഖ്യാപിച്ചു. 2013-ലെ ഷാർജയിലും കൊച്ചിയിലും വെച്ച് നടന്ന മഴവിൽ അഴകിൽ ‘അമ്മ’ പരിപാടിയുടെ പ്രോഗ്രാം എക്‌സിക്യൂട്ടീവായിരുന്നു നടി ചിപ്പിയുടെ ഭർത്താവും പ്രൊഡ്യൂസറുമായ രഞ്ജിത്ത്. ഇതിന്റെ റിഹേഴ്‌സൽ മാർച്ച് 26 മുതൽ ഏപ്രിൽ 7 വരെ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ വെച്ചാണ് നടന്നത്. പ്രോസിക്യൂഷൻ വാദം അനുസരിച്ച് ദിലീപിന് അനുവദിച്ചത് 410 -ാം റൂമായിരുന്നു. ഇവിടെ വെച്ചാണ് നടി ആക്രമിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ദിലീപ് പൾസർ സുനിയെ കണ്ടത്. എന്നാൽ, രഞ്ജിത്ത് തന്റെ ആദ്യ മൊഴി നിഷേധിക്കുകയും റിഹേഴ്‌സൽ സമയത്ത് ദിലീപ് ഹോട്ടലിൽ താമസിച്ചിരുന്നില്ലെന്ന് പറയുകയും ചെയ്തു. വഴിത്തിരവായി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സാക്ഷികളുടെ കൂറുമാറ്റം മൂലം കേസ് പ്രതിസന്ധിയിലായി നിൽക്കുമ്പോഴാണ് ചലച്ചിത്ര സംവിധായകനായ ബാലചന്ദ്രകുമാർ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. 2021 ഡിസംബർ മാസത്തിലാണ് ബാലചന്ദ്രകുമാർ ഏറെ നിർണായകമായ ഓഡിയ സന്ദേശം പുറത്തുവിട്ടത്. ദിലീപും കൂട്ടാളികളും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലിരുന്ന് കണ്ടു. ഈ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം വീണ്ടും ആരംഭിക്കുന്നതിനും ഗൂഢാലോചനയും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളിലേക്ക് അന്വേഷണം കൊണ്ടുവരുന്നതിനും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കാരണമായി. ലൈംഗികാതിക്രമത്തിന്റെ വീഡിയോ റെക്കോർഡിംഗ് ദിലീപും കൂട്ടാളികളും കാണുന്നത് താൻ നേരിട്ട് കണ്ടുവെന്ന് ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആക്രമണ ദൃശ്യങ്ങൾ, തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ, സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന സംഭാഷണങ്ങൾ പകർത്തിയതായി പറയപ്പെടുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവിട്ടു. കുറ്റകൃത്യം ചിത്രീകരിക്കാൻ ഉപയോഗിച്ച മെമ്മറി കാർഡ് വീണ്ടെടുക്കാൻ ദിലീപ് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് അതിക്രമത്തിന് ശേഷവും ഗൂഢാലോചന തുടരുകയായിരുന്നു എന്ന പ്രോസിക്യൂഷന്റെ വാദത്തിന് വലിയ ശക്തി നൽകി.നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റിയവർ 1. ഇടവേള ബാബു- ചലച്ചിത്ര താരം 2. ബിന്ദു പണിക്കർ -ചലച്ചിത്ര താരം 3. ഡോ.ഹൈദർ അലി- അൻവർ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ 4. സലിം- ഡോ.ഹൈദർ അലിയുടെ സഹോദരൻ 5. ഭാമ-ചലച്ചിത്ര താരം 6. സിദ്ദീഖ്-ചലച്ചിത്ര താരം 7. ഷൈൻ-പ്രൊഡക്ഷൻ മാനേജർ 8. റൂബി വിഷ്ണു 9. റിയ- കാവ്യയുടെ സഹോദരന്റെ ഭാര്യ 10. മിഥുൻ- കാവ്യയുടെ സഹോദരൻ 11. സബിത 12. സാഗർ വിൻസന്റ്- കാവ്യയുടെ സ്ഥാപനത്തിലെ ജീവനക്കാരൻ, ആദ്യം മൊഴിമാറ്റിയ സാക്ഷി 13. രഞ്ജിത്- പ്രൊഡ്യൂസർ 14. സുനീർ- കാവ്യയുടെ ഡ്രൈവർ 15. സൂരജ്- ദിലീപിന്റെ അളിയൻ 16. ഷേർളി അജിത്- ഹോട്ടൽ ജീവനക്കാരി 17. കാവ്യമാധവൻ- ദിലീപിന്റെ ഭാര്യ 18. നാദിർഷ- ദിലീപിന്റെ സുഹൃത്ത് 19. അനൂപ്- ദിലീപിന്റെ സഹോദരൻ 20. അപ്പുണ്ണി 21. ഉഷ 22. നിലിഷ 23. ദാസൻ- ദിലീപിന്റെ വീട്ടിലെ സെക്യൂരിറ്റി 24. ഉല്ലാസ് ബാബു- തൃശൂരിലെ ബിജെപി നേതാവ് 25. ബൈജു 26. ഐജി ദിനേശൻ 27. ശ്യമള- കാവ്യയുടെ അമ്മ 28. മാധവൻ – കാവ്യയുടെ അച്ഛൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button