കടയിൽ പോയ ചിത്രപ്രിയ പിന്നെ തിരിച്ചുവന്നില്ല, മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ, തലയിൽ ആഴത്തിൽ മുറിവ്; യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു, ഒരാൾ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം കാലടി മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ വിദ്യാർഥിനി മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ കുറിച്ചുള്ള മറ്റുവിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ചിത്രപ്രിയ ഒരാളോടൊപ്പം ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കസ്റ്റഡിയിലുള്ളയാളാണെന്നാണ് സൂചന. മുണ്ടങ്ങാമറ്റം തുരുത്തിപറമ്പില്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ ചിത്രപ്രിയയുടെ (19) മൃതദേഹമാണ് വീടിന് ഒരുകിലോമീറ്റർ മാത്രം ദൂരത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചമുതല്‍ ചിത്രപ്രിയയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാതാവ് ജോലിചെയ്യുന്ന കാറ്ററിങ് യൂനിറ്റിലെ സഹപ്രവര്‍ത്തകരുടെ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ തലയുടെ പിന്നിൽ ആഴത്തിലുള്ള മുറിവുണ്ട്. കല്ലോ മറ്റെന്തെങ്കിലും ആയുധങ്ങളെ കൊണ്ട് ആക്രമിച്ച രീതിയിലുള്ള മുറിവാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമാണ്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. ബംഗളൂരുവിൽ ഏവിയേഷന്‍ കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാർഥിനിയാണ്. അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല. കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡിന് സമീപത്തെ വിജനമായ പറമ്പിലാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് മൃതദേഹം കണ്ടെത്തിയത്.





