ശ്രീനിവാസനില്ലെങ്കിൽ ഇന്നത്തെ ഞാനില്ല’; അന്ന് സത്യൻ അന്തിക്കാട് പറഞ്ഞു

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായിരുന്നു സത്യൻ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ട്. ഇവര്‍ക്കൊപ്പം മോഹൻലാൽ കൂടി ചേരുമ്പോൾ മലയാളിക്ക് ലഭിക്കാറുള്ളത് ഒരുപാട് നര്‍മമുഹൂര്‍ത്തങ്ങൾ ചേര്‍ത്തുവച്ച ചിരിപ്പൂരം തന്നെയായിരുന്നു. ടി.പി ബാലഗോപാലൻ എംഎ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിയും സത്യനും ആദ്യം ഒരുമിക്കുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റായിരുന്നു. 1986ൽ പുറത്തിറങ്ങിയ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ആദ്യമായി നേടിക്കൊടുത്തു. മികച്ച കഥക്കുള്ള പുരസ്കാരം സത്യനും ലഭിച്ചു. പൊൻമുട്ടയിടുന്ന താറാവ്, സന്ദേശം, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങി ഒരുപാട് മികച്ച സിനിമകൾ പിന്നീട് ഈ കൂട്ടുകെട്ടിൽ പിറന്നു. ശ്രീനിവാസനില്ലായിരുന്നുവെങ്കിൽ ഇന്നത്തെ താനുണ്ടാകില്ലെന്നായിരുന്നു ഒരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞത്.”മുത്താരംകുന്ന് പി.ഒ. എന്ന സിനിമയുടെ പ്രിവ്യൂ ഷോ കണ്ടപ്പോൾ ഞാനേറ്റവും കൂടുതൽ ശ്രദ്ധിച്ചത് അതിലെ സംഭാഷണങ്ങളായിരുന്നു. പടം കഴിഞ്ഞ ഉടനെ ആൾക്കൂട്ടത്തിൽ നിന്ന് മാറി നിന്നിരുന്ന ശ്രീനിവാസനെ തേടിപ്പിടിച്ച് ഞാൻ അഭിനന്ദനങ്ങൾ അറിയിച്ചു.അതിലെ ഓരോ ഡയലോഗുകളും ഓർത്തെടുത്തു പറഞ്ഞു. ശ്രീനി അതൊക്കെ കേട്ട് ചെറിയൊരു ചിരിയോടെ നിന്നതേയുള്ളൂ. ഒരുമിച്ചൊരു പടം ചെയ്യണമെന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷെ പറഞ്ഞില്ല.പിന്നീട് ടി.കെ.ബാലചന്ദ്രനുവേണ്ടി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഞാൻ ശ്രീനിവാസനെക്കുറിച്ച് ആലോചിച്ചു.നെടുമുടി വേണുവാണ് മേൽവിലാസം തന്നത്. എനിക്കും ശ്രീനിക്കും അന്ന് ഫോണില്ല. രണ്ടും കല്പിച്ച് ഞാനൊരു ടെലിഗ്രാം ചെയ്തു‌. കൃത്യമായി ശ്രീനിക്കത് കിട്ടി. മദ്രാസിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിലെത്തി സംസാരിച്ചു തുടങ്ങുന്നതിനു മുമ്പേ ശ്രീനി പറഞ്ഞു, ഞാനൊരു എഴുത്തുകാരനൊന്നുമല്ല.നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഒരു തിരക്കഥ എഴുതാൻ കഴിയുമെന്നും ഉറപ്പില്ല എന്നും ശ്രീനിവാസൻ പറഞ്ഞു.ആ സത്യസന്ധത എന്റെ മനസിനെ തൊട്ടു. ഞാൻ പറഞ്ഞു, ‘ഞാനും അത്രയേ വിചാരിച്ചിട്ടുള്ളൂ. നമുക്കൊന്നു ശ്രമിച്ചുനോക്കാം’. എന്നിട്ട് മനസിലുള്ള ഒരാശയം പറഞ്ഞു. ഇടത്തരക്കാരനായ ഒരു ചെറുപ്പക്കാരൻ. മാസശമ്പളംകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നൊരു പാവം. അതേ അവസ്ഥയിലുള്ള ഒരു പെൺകുട്ടിയുടെ ജീവിതവും . ഒടുവിൽ കഥ കേട്ട് ശ്രീനി പറഞ്ഞു നമ്മൾക്ക് ഇത് ചെയ്യാമെന്ന്, അങ്ങനെയാണ് ടി.പി ബാലഗോപാലൻ എം.എ എത്തുന്നത്” ശ്രീനിയിലേക്ക് എത്തിയതിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത് ഇങ്ങനെ.ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു ശ്രീനിവാസൻ. രോഗം മാറി പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് പ്രതീക്ഷയിലായിരുന്നു സിനിമാലോകവും ആരാധകരും. ‘ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.’ഒരിക്കൽ ഒരു ചാനലിന്‍റെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ശ്രീനി പറഞ്ഞത്. രോഗാവസ്ഥയിലും ശ്രീനി ചിരിപ്പിച്ചുകൊണ്ടേയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button