കോഴിക്കോട് കാക്കൂരിൽആറു വയസ്സുകാരനെ മാതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
കാക്കൂർ (കോഴിക്കോട്): കാക്കൂരിലെ പുന്നശ്ശേരിയിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസ്സുകാരനെ മാതാവ് കൊലപ്പെടുത്തി. പുന്നശ്ശേരിയിലെ കോട്ടയിൽ അനുവിനെ (38) മകൻ നന്ദ ഹർഷിൻ കൊല്ലപ്പെട്ട സംഭവത്തിൽ കാക്കൂർ പൊലീസ് അറസ്റ്റുചെയ്തു. ഇവർ മാനസികപ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മതന്നെ പൊലീസ് കണ്ട്രോള് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യു.കെ.ജി വിദ്യാർഥിയാണ് ഹർഷിൻ. നരിക്കുനി സ്വദേശി ബിജീഷ് ആണ് പിതാവ്. റെയിൽവേ ജീവനക്കാരനായ ബിജീഷ് ജോലിക്കു പോയശേഷം അനു, വീടിന്റെ മുകളിലത്തെ മുറിയിൽവെച്ച് കുട്ടിയുടെ മുഖംപൊത്തി ശ്വാസംമുട്ടിക്കുകയും തുടർന്ന് ബോധം നഷ്ടമായ കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അനു കെ.എസ്.എഫ്.ഇ നരിക്കുനി ശാഖയിലെ ജീവനക്കാരിയാണ്. കാക്കൂർ പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടത്തി.





