തൃശൂരിൽ ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ 14 വയസുകാരന് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 14 വയസുകാരന് ദാരുണാന്ത്യം. ബീച്ചിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാനാണ് മരിച്ചത്. കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീർ ആണ് സാഹസിക ഡ്രിഫ്റ്റിംഗ് നടത്തിയത്. ഡ്രിഫ്റ്റിംഗ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനത്തിന് അടിയിൽപ്പെട്ട സിനാന് തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഷജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിൽ വെച്ചാണ് സംഭവം നടന്നത്.യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഡ്രിഫ്റ്റിംഗ് നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡ്രിഫ്റ്റിംഗ് കാണാനെത്തിയ കുട്ടികൾ ഇതിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ വാഹനത്തിൽ കയറ്റി സാഹസത്തിന് മുതിരുകയായിരുന്നു. സിനാന്റെ കൂടെ രണ്ടു കുട്ടികൾ കൂടെ വാഹനത്തിൽ കയറിയിരുന്നു. കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇയാളെയും കൊണ്ട് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പോലീസ്‌ കടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button