ക്രിസ്മസ് പ്രമാണിച്ച് വിനോദയാത്ര,വിമാന നിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ

ദുബൈ: ക്രിസ്മസ് കാലത്ത് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ, യാത്രകൾക്കായി ചെലവ് കുറഞ്ഞ മറ്റു വിദേശ രാജ്യങ്ങൾ തിരഞ്ഞെടുത്ത് യുഎഇയിലെ പ്രവാസികൾ. ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്. ദുബൈയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശിയായ പോൾ ജെ പറയുന്നത് തന്റെ നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് നിരക്ക് മാത്രം ഏകദേശം 13,600 ദിർഹവും ആകെ ചെലവ് 17,000 ദിർഹവും വരുമെന്നാണ്. എന്നാൽ കൈറോയിലേക്ക് യാത്ര പോകുന്നതിലൂടെ ടിക്കറ്റിന് ഒരാൾക്ക് 1,200 ദിർഹം വീതവും ആകെ 8,400 ദിർഹം മാത്രമേ ചെലവ് വരുന്നുള്ളൂവെന്നും പോൾ പറഞ്ഞു. ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്കിനൊപ്പം നാട്ടിലെ മറ്റ് ചെലവുകളും കൂടി കണക്കിലെടുക്കുമ്പോൾ ഇസ്താംബുൾ അല്ലെങ്കിൽ മാലിദ്വീപ് പോലുള്ള ഡെസ്റ്റിനേഷനുകൾ കൂടുതൽ ലാഭകരമാണെന്നാണ് ഐടി പ്രൊഫഷണലായ നവീൻകുമാർ അഭിപ്രായപ്പെടുന്നത്. യുഎഇയിൽ നിന്ന് കൈറോയിലേക്കും ഇസ്താംബുളിലേക്കും 1,200 ദിർഹവും മാലിദ്വീപിലേക്ക് 1,300 ദിർഹവുമാണ് നിലവിൽ വിമാന ടിക്കറ്റ് നിരക്കുള്ളത്. ബജറ്റ് നിയന്ത്രിക്കുന്നതിനായി പല കുടുംബങ്ങളും ഇപ്പോൾ നാട്ടിലേക്ക് പോകുന്നതിനേക്കാൾ മുൻഗണന നൽകുന്നത് ഇത്തരം വിനോദയാത്രകൾക്കാണെന്ന് ട്രാവൽ കൺസൾട്ടന്റായ പവൻ പൂജാരി പറഞ്ഞു. വിസ നടപടികൾ ലളിതമായതും ടിക്കറ്റ് നിരക്ക് കുറവായതുമായ തുർക്കി, ഈജിപ്ത്, കോക്കസസ് മേഖലയിലുള്ള രാജ്യങ്ങൾ എന്നിവ പ്രവാസികൾക്കിടയിൽ ജനപ്രിയ ബദലുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.




