നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്; സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേയാക്കും

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്‍റെ ആവേശം നിലനിർത്തി നിയമസഭ തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ്​. സീറ്റ്​ വിഭജനമടക്കം ഉഭയകക്ഷി ചർച്ചകളും സ്ഥാനാർഥി നിർണയവും സമയബന്ധിതമായി നടത്താൻ കൊച്ചിയിൽ ചേർന്ന മുന്നണി​ യോഗം തീരുമാനിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച ജയമാണെന്നും ശബരിമല സ്വർണക്കൊള്ള അടക്കമുള്ള ഭരണവിരുദ്ധ വികാരം അതിന്​ ഏറെ സഹായകമായെന്നും യോഗം വിലയിരുത്തി. സംസ്ഥാന ഭരണത്തിനെതിരായ ജനവികാരം ലോക്സഭ തെരഞ്ഞെടുപ്പിനു ​ശേഷവും തുടരുകയാണ്​. സർക്കാറിനെ പാഠം പഠിപ്പിക്കാൻ ജനങ്ങൾ തീരുമാനിച്ച്​ ഉറപ്പിച്ചതിനാലാണ്​ തദ്ദേശ തെരഞ്ഞെടുപ്പിലും തിളക്കമേറിയ ജയം യു.ഡി.എഫിന്​ കിട്ടിയത്​. ഈ സാഹചര്യത്തിൽ ഇനി മുന്നണിയിൽ തർക്കങ്ങൾക്ക്​ ഇടവരുത്തരുതെന്നും ഐക്യത്തിന്​ മുൻഗണന നൽകണമെന്നും ധാരണയായി. തദ്ദേശ തെരഞ്ഞെടുപ്പിൽ അജണ്ട തിരിച്ചുവിടാൻ സർക്കാർ പലവിധ ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ജനുവരി 15നകം ഉഭയകക്ഷി ചർച്ച പൂർത്തീകരിക്കാനാണ്​ തീരുമാനം. സീറ്റ്​ വിഭജനം ഉൾപ്പെടെ കാര്യങ്ങളിൽ ഏകദേശ ധാരണ ഉണ്ടാക്കും. ഓരോ പാർട്ടിയും അവരുടെ സ്ഥാനാർഥികളുടെ കാര്യത്തിൽ ഫെബ്രുവരി ആദ്യവാരത്തോടെ തത്ത്വത്തിൽ തീരുമാനമെടുക്കും. എന്നാൽ, പരസ്യപ്രഖ്യാപനം പിന്നീടേ ഉണ്ടാവൂ. തെരഞ്ഞെടുപ്പ്​ പ്രകടനപത്രികക്കുള്ള മുന്നൊരുക്കങ്ങളും ഒപ്പം നടത്തും. തെരഞ്ഞെടുപ്പ്​ മുന്നിൽക്കണ്ട്​ ഫെബ്രുവരിയിൽ കാസർകോട്ടുനിന്ന്​ തിരുവനന്തപുരംവരെ പ്രതിപക്ഷ നേതാവ്​ നയിക്കുന്ന സംസ്ഥാന ജാഥ നടത്തും. ജാഥയിൽ രാഷ്ട്രീയം പറയുന്നതോടൊപ്പം സംസ്ഥാന വികസനത്തിനുള്ള യു.ഡി.എഫ്​ കാഴ്ചപ്പാടുകൾ ജനങ്ങൾക്ക്​ മുമ്പിൽ വിശദീകരിക്കുമെന്ന്​ മുന്നണിയോഗ ​ശേഷം വാർത്തസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ്​ പറഞ്ഞു. ആർക്കും ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം കിട്ടുന്നതിന്​ സി.പി.എമ്മുമായോ ബി.ജെ.പിയുമായോ ഒരുവിധ നീക്കുപോക്കും വേണ്ടെന്ന്​ യോഗം തീരുമാനിച്ചു. യു.ഡി.എഫ്​ തീരുമാനത്തിന്​ വിരുദ്ധമായി മുൻകാലങ്ങളിലേതുപോലെ പ്രാദേശികതലത്തിൽ മറ്റൊരു തീരുമാനവുമെടുക്കാൻ പാടില്ലെന്ന്​ നിർദേശിച്ചു. പി.വി. അൻവർ, സി.കെ. ജാനു, വിഷ്ണുപുരം ഇനി യു.ഡി.എഫിൽ മുൻ എം.​എൽ.എ പി.വി. അൻവർ, സി.കെ. ജാനു, വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവർ നയിക്കുന്ന പാർട്ടികൾക്ക്​ യു.ഡി.എഫിൽ അസോസിയേറ്റ്​ അംഗത്വം നൽകാൻ തീരുമാനം. അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസ്​, ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി, വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ കേരള കാമരാജ്​ കോൺഗ്രസ്​ എന്നീ കക്ഷികളെയാണ്​ മുന്നണിയിലെടുക്കുന്നത്​. അവർ രേഖാമൂലം നൽകിയ അപേക്ഷകൾ ചർച്ചചെയ്താണ്​ ഈ തീരുമാനമെന്ന്​ യു.ഡി.എഫ്​ ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശൻ മുന്നണി യോഗത്തിന്​ ശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജാനുവിന്‍റെയും വിഷ്ണുപുരം ചന്ദ്രശേഖരന്‍റെയും പാർട്ടികൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചാണ്​ യു.ഡി.എഫിലേക്ക്​ വരുന്നത്​. മൂന്ന്​ പാർട്ടികളും യു.ഡി.എഫിന്‍റെ ഭാഗമാകുന്നതിന്​ ഒരു ഉപാധിയും മുന്നോട്ടുവെച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ മുന്നണിയുടെ അടിത്തറ കൂടുതൽ വിപുലീകരിക്കും. അതിന്‍റെ ഭാഗമായി ​വേറെയും പാർട്ടികൾ വന്നേക്കാം. നിലവിൽ ആരുമായും ചർച്ച നടത്തുന്നില്ല. യു.ഡി.എഫിനെ വലിയൊരു രാഷ്​ട്രീയ പ്ലാറ്റ്​ഫോം ആക്കുകയാണ്​ ഉദ്ദേശ്യം. പതിറ്റാണ്ടുകളായി ഇടത്​ സഹയാത്രികരായിരുന്നവരും ഈ പ്ലാറ്റ്​ഫോമിൽ ഉണ്ടാകുമെന്നും സതീശൻ വ്യക്​തമാക്കി. അതേസമയം, കേരള കോൺഗ്രസ്​ ജോസ്​ കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ കൊണ്ടുവരാനുള്ള നീക്കങ്ങളിൽ പി.​ജെ. ജോസഫ്​ യോഗത്തിൽ അതൃപ്തി അറിയിച്ചു. അവർ തീരുമാനിക്കാത്തിടത്തോളം നമ്മൾ അങ്ങോട്ട്​ പോയി തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്‍റെ തിളക്കം കളയരുതെന്നും അവർ ഇങ്ങോട്ട്​ വന്നാൽ അപ്പോൾ ആലോചിക്കാമെന്നുമായിരുന്നു ജോസഫിന്‍റെ നിലപാട്​. അസോസിയേറ്റ്​ അംഗങ്ങളാകുന്ന കക്ഷികൾ യു.ഡി.എഫിന്‍റെ ഭാഗമാകുകയും സഹകരിക്കുകയും ചെയ്യുമെങ്കിലും ഘടകകക്ഷിയാവില്ല. അതിനാൽ അവർക്ക്​ മുന്നണി യോഗങ്ങളിൽ പ​ങ്കെടുക്കാൻ കഴിയില്ല. എന്നാൽ, ക്ഷണിക്കുന്ന പ്രത്യേക യോഗങ്ങളിൽ ഇവരെയും പ​ങ്കെടുപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button