ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ചുള്ള ആൾക്കൂട്ടക്കൊല; കേസ് പിൻവലിക്കണമെന്ന യു.പി സർക്കാറിന്‍റെ ആവശ്യം കോടതി തള്ളി

ലഖ്നോ: ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ 50കാരനായ മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളി. സൂരജ്പൂർ കോടതിയാണ് ഉത്തർപ്രദേശ് സർക്കാറിന്‍റെ ഹരജി തള്ളിയത്. വാദം കേൾക്കുന്നതിനിടെ, പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ കഴമ്പില്ലെന്നും നിയമപരമായ അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു. അപേക്ഷ അപ്രസക്തവും അടിസ്ഥാനരഹിതവുമാണെന്ന് വിശേഷിപ്പിച്ചാണ് കോടതി അത് പൂർണമായും തള്ളിക്കളഞ്ഞത്. ദൃക്‌സാക്ഷി മൊഴികളിലെ പൊരുത്തക്കേടുകളാണ് കേസ് പിൻവലിക്കൽ അപേക്ഷയിൽ പരാമർശിച്ചിരിക്കുന്ന കാരണങ്ങളിലൊന്ന്. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ, എല്ലാവർക്കും ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അവരുടെ അവകാശങ്ങൾ കോടതി സംരക്ഷിക്കണമെന്നും അപേക്ഷയിൽ സർക്കാർ പറഞ്ഞു. 2015ലാണ് കേസിന് ആസ്പദമായ സംഭവം. ഡൽഹിയിൽ നിന്ന് കഷ്ടിച്ച് 50 കിലോമീറ്റർ അകലെയുള്ള ദാദ്രിയിലെ ബിസാദ എന്ന ഗ്രാമത്തിലായിരുന്നു മുഹമ്മദ് അഖ്‌ലാഖിന്‍റെ വീട്. പശുവിനെ അറുത്ത് അതിന്റെ മാംസം വീട്ടിൽ സൂക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്നാണ് അയൽക്കാരടങ്ങുന്ന ആൾക്കൂട്ടം അഖ്‌ലാഖിനെ തല്ലിക്കൊന്നത്. കുറ്റപത്രത്തിൽ പേരുള്ള എല്ലാവർക്കുമെതിരായ കുറ്റങ്ങൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രാദേശിക കോടതിയോട് അനുമതി തേടിയതോടെയാണ് കേസ് വീണ്ടും ചർച്ചയായി. 2015ൽ എന്താണ് സംഭവിച്ചതെന്ന് അഖ്‌ലാഖിന്‍റെ സഹേദരന് ഇപ്പോഴും വ്യക്തമായ ഓർമയുണ്ട്. സെപ്റ്റംബർ 25ന് ബക്രീദ് ആഘോഷിക്കാനായിരുന്നു കുടുംബം ഒത്തുകൂടിയത്. വീട് നിറയെ ആളുകളായിരുന്നു. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം എല്ലാം തകർന്നു. അക്രമത്തിനൊടുവിൽ തലമുറകളായി താമസിച്ചിരുന്ന വീട് വിട്ട് അഖ്‌ലാഖിന്റെ കുടുംബത്തിന് പോകേണ്ടിവന്നു. കുടുംബത്തോടൊപ്പം അത്താഴം കഴിച്ച് ഉറങ്ങാൻ പോവുകയായിരുന്ന അഖ്‌ലാഖിന്റെ വീട്ടിലേക്കാണ് അവർ ഇരച്ചുകയറിയത്. അഖ്‌ലാഖിനെ കൊന്നത് തങ്ങളോടൊപ്പം ഒരുമിച്ച് വളർന്ന ആളുകളായിരുന്നുവെന്ന് സഹോദരൻ ജാൻ പറയുന്നു. അഖ്‌ലാഖിന്‍റെ ഭാര്യയെയും മകനെയും അവർ മുറ്റത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മാതാവിനെ ടോയ്‌ലറ്റിൽ പൂട്ടിയിട്ടു. താൻ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു എന്ന് ജാൻ വിങ്ങലോടെ ഓർക്കുന്നു. കൊലപാതകം ഗ്രാമത്തിന്റെ അന്തരീക്ഷം ഒറ്റരാത്രികൊണ്ട് മാറ്റിമറിച്ചെന്നും കൂട്ടക്കൊല ചെയ്യുമെന്ന് വരെ ഭീഷണി നേരിടേണ്ടി വന്നതായും അദ്ദേഹം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button