ക്രിസ്ത്യൻ പ്രാര്‍ഥനാ യോഗത്തിലേക്ക് അതിക്രമിച്ച് കയറി ഹിന്ദുത്വവാദികളുടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള ആക്രമണം; സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം

ഡെറാഡൂണ്‍: ക്രിസ്ത്യൻ പ്രാര്‍ഥനാ യോഗത്തിലേക്ക് അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള ഹിന്ദുത്വവാദികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിൽ വെള്ളിയാഴ്ച നടന്ന പ്രാര്‍ഥനാ യോഗത്തിലേക്കാണ് ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ ഇരച്ചെത്തി ക്രൈസ്തവരെ അപമാനിച്ചത്. ക്രൈസ്തവരെയും ബൈബിളിനെയും അവഹേളിച്ച് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ജയ് ശ്രീ റാം എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള ക്രിസ്ത്യൻ വിശ്വാസത്തെയും പരിഹസിക്കുന്നു. വിരല്‍ചൂണ്ടിയും ഡെസ്കില്‍ അടിച്ചുമൊക്കെയാണ് ആക്രോശങ്ങള്‍. ബംഗ്ലാദേശി എക്സ് മുസ്‌ലിമും ഇപ്പോള്‍ ‘ശ്രീ സത്യനിഷ്ഠ ആര്യ’ എന്ന പേരിലറിയപ്പെടുന്നയാളുടെ നേതൃത്വത്തിലാണ് ഈ അതിക്രമങ്ങളൊക്കെയെന്ന്‌ പറയുകയാണ് മാധ്യമപ്രവര്‍ത്തകനും വസ്തുതാ പരിശോധകനുമായ മുഹമ്മദ് സുബൈര്‍. സുൻയുറഹ്‌മാൻ എന്നായിരുന്നു ആദ്യ പേര്. ബംഗ്ലാദേശില്‍ നിരീശ്വരവാദിയായി പ്രത്യക്ഷപ്പെട്ട ഇയാൾ നിരന്തരം മതങ്ങളെ അപമാനിക്കാനും വിഡിയോകൾ പോസ്റ്റ് ചെയ്യാനും തുടങ്ങി. ഷാഹ്ബാഗ് സമരം പോലുള്ള സമരങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം ബംഗ്ലാദേശിൽ ജീവിക്കാൻ സാധ്യമല്ലെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇപ്പോൾ ഇന്ത്യയിലാണ് സ്ഥിരതാമസം. എക്സ് മുസ്‌ലിമായ അദ്ദേഹം പിന്നീട് നിരീശ്വരവാദിയാണെന്ന് അവകാശപ്പെട്ടു (2013). പിന്നീട് 2018 ൽ ‘ശ്രീ സത്യനിഷ്ഠ ആര്യ’ എന്ന പേര് മാറ്റി. ക്രിസ്ത്യാനികൾക്കും ഇസ്‌ലാമിനുമെതിരെ വെറുപ്പുളവാക്കുന്ന വീഡിയോകൾ പടച്ചുവിടലാണിപ്പോള്‍ ഇയാളുടെ ജോലി. വീഡിയോകളിൽ നിറയെ വിദ്വേഷ പ്രസംഗങ്ങളും പേടിഎം/ജിപേ വഴി ഫണ്ട് തേടലുമൊക്കെയാണെന്നും സുബൈര്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം പ്രാര്‍ഥനാ യോഗം തടസപ്പെടുത്തിയ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ‘അയാളുടെ മുഖത്തെ ക്രൗര്യം നോക്കൂ, വാക്കുകളിലെ വെറുപ്പ്‌ നോക്കൂ, ശരീരഭാഷയിലെ അക്രമോത്സുകത നോക്കൂ. ഇതാണ്‌ ഇന്ന് രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം. ഇതാണ്‌ ഹിന്ദുത്വ രാഷ്ട്രീയം’- എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button