മൈസൂർ കൊട്ടാരത്തിനടുത്ത് ഹീലിയം ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ബലൂൺ കച്ചവടക്കാരന് ​ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്

ബം​ഗളൂരു: കർണാടകയിലെ പ്രധാന വിനോദസ‍ഞ്ചാര കേന്ദ്രമായ മൈസൂരിൽ ബലൂൺ നിറയ്ക്കുന്ന ഹീലിയം ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ബലൂൺ കച്ചവടക്കാരൻ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂർ കൊട്ടാരത്തിന് മുന്നിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. യുപിയിലെ കനൗജ് ജില്ലയിലെ തോഫിയ ​സ്വദേശി സലിം (40) ആണ് മരിച്ചത്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.ഷെഹ്നാസ് ഷബീർ (54), ലക്ഷ്മി (45), കോത്രേഷ് ​ഗുട്ടെ (54), മ‍ഞ്ജുള നഞ്ജൻ​ഗുഡ് (29), രഞ്ജിത (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ലക്ഷ്മിയുടെ നില ​ഗുരുതരമാണ്. ക്രിസ്മസ്, പുതുവത്സര സമയം ആയതിനാൽ നിരവധി വിനോദസഞ്ചാരികളും നാട്ടുകാരുമാണ് പ്രദേശത്തുണ്ടായിരുന്നത്. കൊട്ടാരത്തിൽ പൊതുജനങ്ങൾക്കായി സംഗീത പരിപാടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. ഒരു കിലോമീറ്റർ അകലെ വരെ പൊട്ടിത്തെറി ശബ്ദം കേട്ടതായി ആളുകൾ പറഞ്ഞു. മൈസൂർ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന് മുന്നിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button