ഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ പരാക്രമം; വ്യാപക പ്രതിഷേധം
പുനലൂർ: പുനലൂർ തൂക്കുപാലത്തിന് മുമ്പിലുള്ള ഗാന്ധി പ്രതിമക്ക് നേരെ മദ്യപിച്ചെത്തിയ യുവാവിന്‍റെ അതിക്രമം. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കോണിപ്പടിയിലൂടെ പ്രതിമയുടെ മുകളിൽ കയറിയ ഇയാൾ പ്രതിമയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു. കണ്ടുനിന്നവർ വിവരം അറിയിച്ചതനുസരിച്ച് പുനലൂർ പൊലീസ് എത്തി അതിക്രമം കാട്ടിയ പുനലൂർ സ്വദേശിയായ ഹരിലാലിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ സ്ഥിരം ശല്യക്കാരനാണെന്നും മദ്യപിച്ച് നിരവധി തവണ ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയതായും പൊലീസ് പറഞ്ഞു. ചെമ്മന്തൂരിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും ഇയാൾ അതിക്രമിച്ചു കയറി പ്രശ്നമുണ്ടായി. ഗാന്ധിപ്രതിമക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നു. പുനലൂർ ഭാരതമാതാ ഐ.ടി.ഐയുടെ സിൽവർ ജൂബിലി സ്മാരകമായാണ് ഇവിടെ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. സംഭവത്തിൽ ഭാരതമാതാ ഐ.ടി.ഐ അധികൃതരും പൂർവ വിദ്യാർഥി സംഘടനകളും പ്രതിഷേധിച്ചു.





