പൊലീസിന് നേരെ കത്തിവീശി പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ടു പേർ പിടിയിൽ
പാലക്കാട്: വടക്കഞ്ചേരിയിൽ പൊലീസിന് നേരെ കത്തിവീശി പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച വടക്കഞ്ചേരി കുന്നത്ത് വീട്ടിൽ സഫർ(36), വടക്കഞ്ചേരി നായർക്കുന്ന് ആമിന മൻസിലിൽ അനസ് (26 ) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ മഞ്ഞപ്ര വടക്കേതിൽ രാഹുലിനെ (അപ്പു 28) പിടികൂടാനായി തിങ്കളാഴ്ച വൈകീട്ട് നാലിന് മണ്ണുത്തി പൊാലീസ് വടക്കഞ്ചേരിയിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.ഒല്ലൂക്കര മുളയം സിനു ആന്റണിയെ(29) ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്യാൻ മണ്ണുത്തി പൊലീസ് വടക്കഞ്ചേരിയിൽ എത്തിയത്. രക്ഷപ്പെട്ട രാഹുലിനെ ഇതുവരെ കണ്ടെത്തിയില്ല.കത്തിവീശി പൊലീസിൽ നിന്ന് രക്ഷപ്പെട്ട രാഹുൽ സഫറിൻ്റേയും അനസിൻ്റേയും സമീപത്തേക്കാണ് പോയത്. ഇരുവരും ചേർന്നാണ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. പച്ചക്കറി കടയിലെ ജോലിക്കാരനാണ് രാഹുൽ. ഇന്നലെ പൊലീസ് എത്തിയപ്പോൾ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് വീശിയാണ് രാഹുൽ രക്ഷപ്പെട്ടത്.





