മുത്തച്ഛന്റെ കൊലപാതകം: ദൃക്സാക്ഷിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് നാലുവർഷം കഠിന തടവ്
കൊല്ലം: മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷിയായ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിന് നാലുവർഷം കഠിന തടവും 25,000 രൂപ പിഴയും. പത്ത് വയസ്സുള്ള മകൾ ജീവിച്ചിരുന്നാൽ തനിക്കെതിരെ മൊഴി പറയുമെന്നതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊറ്റങ്കര മനക്കര കിഴക്കതിൽ വീട്ടിൽ ഷിബുവിനെയാണ് (37) കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. 2023 മാർച്ച് 14നാണ് സംഭവം. ഷിബുവിന്റെ ഭാര്യയും മറ്റും ജോലിക്ക് പോയ സമയം തുണി മടക്കിവെക്കാൻ പറഞ്ഞത് അനുസരിച്ചില്ലെന്ന കാരണം പറഞ്ഞ് മകളെ കൈ കൊണ്ട് വായിൽ ഇടിച്ചും തല കതകിൽ ഇടിപ്പിച്ചും കാലിൽ പിടിച്ച് പൊക്കി നിലത്തടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2021 മാർച്ച് 31ന് ഷിബു ഭാര്യയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മുത്തച്ഛനെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു. വിചാരണ വേളയിൽ മകൾ സാക്ഷി പറയുകയും മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ ’25 ജനുവരി 29ന് പ്രതിയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഷിബു ജയിലിൽ കഴിയവേയാണ് ഈ കേസിൽ വിചാരണ നേരിട്ടത്. കുണ്ടറ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ. ജി. മുണ്ടയ്ക്കൽ ഹാജരായി.





