രണ്ടേ രണ്ട് സിക്‌സ്; ഹിറ്റ്മാന് വിന്‍ഡീസ് ഇതിഹാസത്തെ വെട്ടാം, തലപ്പത്തുമെത്താം
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജനുവരി 11ന് തുടങ്ങുന്ന പരമ്പര അരങ്ങുണരുന്നത് ഏകദിന മത്സരങ്ങളോടെയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമാണ് മുന്‍ നായകന്‍ രോഹിത് ശര്‍മയുടേത്.
കഴിഞ്ഞ ഏകദിന പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത രോഹിത് ന്യൂസിലാന്‍ഡിനെതിരെയും വെടിക്കെട്ട് നടത്തുമെന്നാണ് ആരാധരുടെ പ്രതീക്ഷ. അതിനാല്‍ തന്നെ തങ്ങളുടെ പ്രിയ ഹിറ്റ്മാന്റെ മിന്നും ബാറ്റിങ് വീണ്ടും കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍.
രോഹിത് ശര്‍മ. Photo: BCCI/x.com
ആരാധകര്‍ താരത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തുമ്പോള്‍ സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് രോഹിത് കിവികളെ നേരിടാന്‍ ഒരുങ്ങുന്നത്. മറ്റൊന്നുമല്ല, ഏകദിനത്തില്‍ ഓപ്പണറായി ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന നേട്ടമാണത്. ഇതിനായി മുന്‍ ഇന്ത്യന്‍ നായകന് വേണ്ടത് വെറും രണ്ടേ രണ്ട് സിക്‌സുകള്‍ മാത്രമാണ്.
നിലവില്‍ രോഹിത്തിന് ഓപ്പണറായി 50 ഓവര്‍ ക്രിക്കറ്റില്‍ 327 സിക്‌സുകളാണുള്ളത്. ഇതിലേക്ക് രണ്ട് സിക്‌സുകള്‍ കൂടി ചേര്‍ക്കാനായാല്‍ ഈ ലിസ്റ്റില്‍ തലപ്പത്തെത്താം.
ഒപ്പം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ വെട്ടാനും സാധിക്കും. ഈ ലിസ്റ്റില്‍ ഒന്നാമതുള്ള താരത്തിന് 328 സിക്‌സുകളാണുള്ളത്.
ഏകദിനത്തില്‍ ഓപ്പണറായി ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരങ്ങള്‍
(താരം – ടീം – സിക്‌സ് എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ്/ഐ.സി.സി – 328
രോഹിത് ശര്‍മ്മ – ഇന്ത്യ – 327
സനത് ജയസൂര്യ – ശ്രീലങ്ക/ഏഷ്യ – 263
മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 174
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 167
ജനുവരി 11ന് വഡോദരയിലാണ് ഒന്നാം ഏകദിനം അരങ്ങേറുന്നത്. ബാക്കി രണ്ട് മത്സരങ്ങള്‍ ജനുവരി 14, 18 തീയതികളിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യഥാക്രമം രാജ്‌കോട്ട്, ഇന്‍ഡോര്‍ എന്നിവയാണ് മത്സരത്തിന്റെ വേദികള്‍.





