വനിത പ്രീമിയർ ലീഗ്: യു.പിക്കെതിരെ ഗുജറാത്തിന് 10 റൺസ് ജയം
നവി മുംബൈ: വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിന് ആദ്യ ജയം. ആവേശകരമായ മത്സരത്തിൽ യു.പി വാരിയേഴ്സിനെ 10 റൺസിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 207 റൺസ് അടിച്ചുകൂട്ടി. യു.പിയുടെ പോരാട്ടം 20 ഓവറിൽ എട്ടിന് 197ൽ അവസാനിച്ചു. 10 പന്തിൽ 27 റൺസുമായി പുറത്താവാതെ നിൽക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ജോർജിയ വെയർഹാം ആണ് പ്ലെയർ ഓഫ് ദ മാച്ച്. 41 പന്തിൽ 65 റൺസെടുത്ത് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നർ ഗുജറാത്തിന്റെയും 40 പന്തിൽ 78 റൺസടിച്ച് ഫീബ് ലിച്ച്ഫീൽഡ് യു.പിയുടെയും ടോപ് സ്കോറർമാരായി. ഓപണർമാർ ഗുജറാത്തിന് മികച്ച തുടക്കം നൽകി. 12 പന്തിൽ 13 റൺസുമായി ബെത്ത് മൂണി അഞ്ചാം ഓവറിൽ മടങ്ങി. 20 പന്തിൽ 38 റൺസ് നേടിയ സഹഓപണർ സോഫി ഡിവൈൻ ആറാം ഓവറിലും വീണപ്പോൾ സ്കോർ രണ്ടിന് 55. അനുഷ്ക ശർമയും ഗാർഡ്നറും ചേർന്ന സഖ്യം മൂന്നം വിക്കറ്റിൽ ചേർത്തത് 103 റൺസ്. 30 പന്തിൽ 44 റൺസടിച്ചാണ് അനുഷ്ക മടങ്ങിയത്. പിന്നാലെ ഗാർഡ്നറും വീണു. ആഞ്ഞടിച്ച ഭാർതി ഫുൾമാലിയുടെ (ഏഴ് പന്തിൽ 14) വെയർഹാം നടത്തിയ വെടിക്കെട്ടാണ് 200 കടത്തിയത്. യു.പിക്കായി സോഫി എക്കിൾസ്റ്റൺ രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി സ്പിന്നർ ആശ ശോഭനക്ക് ഇരകളെയൊന്നും ലഭിച്ചില്ല.മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ യു.പി ഞെട്ടി. ആദ്യ ഓവറിൽതന്നെ ഓപണർ കിരൺ നവ്ഗിറെയെ (1) രേണുക സിങ് ബൗൾഡാക്കി. ക്യാപ്റ്റൻ മെഗ് ലാനിങ്ങും ലിച്ച് ഫീൽഡും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പ്രതീക്ഷ നൽകി. ഇവർ 70 റൺസ് ചേർത്തു. 27 പന്തിൽ 30 റൺസായിരുന്നു ലാനിങ്ങിന്റെ സംഭാവന. ഹർലീൻ ഡിയോളും (0) ദീപ്തി ശർമയും വേഗം മടങ്ങിയതോടെ നാലിന് 74. ശ്വേത സെഹ്റാവത്തുമായി (17 പന്തിൽ 25) ചേർന്ന് ലിച്ച്ഫീൽഡ് നടത്തിയ രക്ഷാപ്രവർത്തനം സ്കോർ 150ന് അരികിലെത്തിച്ചു. അവസാന ഓവറിൽ യു.പിക്ക് ജയിക്കാനാവാശ്യം 27 റൺസ്. സോഫി ഡിവൈന്റെ ആദ്യ പന്തിൽ ആശ ശോഭനയുടെ സിംഗ്ൾ. രണ്ടാം പന്തിൽ എക്കിൾസ്റ്റൺ (11) പുറത്ത്. അടുത്ത പന്തിൽ ശിഖ പാണ്ഡെ സിംഗ്ളെടുത്തു. നാലാം പന്തിൽ സിക്സറടിച്ച ആശ അഞ്ചും ആറും പന്തുകൾ അതിർത്തി കടത്തിയെങ്കിലും ജയം കൈവിട്ടിരുന്നു. മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 10 പന്തിൽ 27 റൺസുമായി തിരുവനന്തപുരത്തുകാരി പുറത്താവാതെനിന്നു. വെയർഹമിന് പുറമെ രേണുകയും ഡിവൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.




