45 കാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; യുവതിയുടെ മൃതദേഹം കഴുത്തറത്ത നിലയിൽ; കാഞ്ഞിരപ്പളളിയിൽ താമസം തുടങ്ങിയത് ആറ് മാസം മുൻപ്; വീട് പൊലീസ് സീൽ ചെയ്തു
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പടിയിലെ വീടിനുള്ളിൽ 45 കാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45), കോട്ടയം സ്വദേശിയായ യുവാവ് എന്നിവരാണ് മരിച്ചത്. ഷെർളിയെ കഴുത്തറത്ത നിലയിലും യുവാവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്.ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം എന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവ് മരിച്ച ഷേർളി ആറുമാസം മുമ്പാണ് കൂവപ്പള്ളിയിലെ കുളപ്പുറത്ത് താമസത്തിനെത്തിയത്. ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ഷേർളിയുടെ സുഹൃത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഷേർളിയെ പറ്റി പ്രദേശവാസികൾക്ക് കൂടുതൽ വിവരങ്ങളില്ല. ഇടുക്കി സ്വദേശിയാണ് ഇവർ. കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്നാണ് അയൽക്കാരോട് പറഞ്ഞത്. മുൻപ് ചങ്ങനാശ്ശേരിയിലാണ് താമസം എന്നും പറയപ്പെടുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.





