ഉഡുപ്പിയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു മലയാളി യുവാക്കളെ മുക്കത്ത് നിന്ന് പിടികൂടി
മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൂഡാനിഡമ്പൂർ ഗ്രാമത്തിൽനിന്ന് ബൈക്ക് മോഷണം പോയ കേസിൽ രണ്ട് മലയാളി യുവാക്കളെ ഉഡുപ്പി സിറ്റി പൊലീസ് കോഴിക്കോട് ജില്ലയിലെ മുക്കത്ത്നിന്ന് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിൽ താമസിക്കുന്ന ആഷിക് അൻസാർ (19), മുഹമ്മദ് അൽത്താഫ് (23) എന്നിവരാണ് അറസ്റ്റിലായത്. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അന്തർ സംസ്ഥാന മോഷ്ടാക്കളാണെന്ന് പൊലീസ് പറഞ്ഞു. മൂഡാനിഡമ്പൂർ ഗ്രാമത്തിലെ ബാലകൃഷ്ണ എസ് ബണ്ടിന്റെ മകൻ നാഗചന്ദ്ര (32) നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 28ന് രാത്രി ഒമ്പത് മണിയോടെ മൂഡാനിഡമ്പൂരിലെ തീരദേശ ബൈപാസ് റോഡിലെ ലാൻഡ്മാർക്ക് കെട്ടിടത്തിന് സമീപം നാഗചന്ദ്ര തന്റെ ബൈക്ക് നിർത്തിയിട്ട് വീട്ടിലേക്ക് മടങ്ങിയതായി പരാതിയിൽ പറയുന്നു. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ അദ്ദേഹം സ്ഥലത്തെത്തിയപ്പോൾ ബൈക്ക് മോഷ്ടിക്കപ്പെട്ടിരുന്നു. ബൈക്കിന് ഏകദേശം 70,000 രൂപ കണക്കാക്കുന്നു. ഡിവൈ.എസ്.പി ഡി.ടി. പ്രഭുവിന്റെയും ഉഡുപ്പി സിറ്റി പൊലീസ് ഇൻസ്പെക്ടർ മഹേഷ് പ്രസാദ് പിയുടെയും മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഷിക് അൻസാറിനെതിരെ കേരളത്തിൽ വീട് കൊള്ളയടിക്കൽ കേസ്, കഞ്ചാവ് ഉപയോഗം എന്നിവയുൾപ്പെടെ രണ്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉഡുപ്പി പൊലീസ് കണ്ടെത്തി. മുഹമ്മദ് അൽത്താഫിനെതിരെ കേരളത്തിൽ മൂന്ന് മോഷണ കേസുകളും രണ്ട് കഞ്ചാവ് ഉപയോഗ കേസുകളും ഉൾപ്പെടെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.





