സാംഭാൽ വെടിവെപ്പ്: പൊലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്; വിസമ്മതിച്ച്‌ എസ്പി

സാംഭാൽ: മുഗൾ കാലഘട്ടത്തിൽ നിർമിച്ച ഷാഹി ജുമാ മസ്ജിദിന്റെ സർവേ നടക്കുന്നതിനിടെ നടന്ന സംഘർഷത്തിനിടെ ഒരാൾക്ക് വെടിയേറ്റ സംഭവത്തിൽ അന്നത്തെ സർക്കിൾ ഓഫീസർ (സിഒ), എസ്എച്ച്ഒ ഉൾപ്പെടെ 12 ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ഉത്തരവിട്ട് സാംഭാൽ കോടതി. എന്നാൽ ‘നിയമവിരുദ്ധ ഉത്തരവെന്ന്’ ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച്‌ എസ്പി. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും സാംഭാൽ പൊലീസ് അറിയിച്ചു. നഖാസ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഖഗ്ഗു സരായ് അഞ്ജുമാൻ പ്രദേശവാസിയായ യാമിൻ സമർപ്പിച്ച പരാതിയിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സംഘർഷത്തിനിടെ പള്ളിക്ക് സമീപമുണ്ടായിരുന്ന തന്റെ മകൻ ആലമിനെ പൊലീസ് വെടിവച്ചതായി യാമിൻ പരാതിയിൽ പറയുന്നു.2024 നവംബർ 24ന് ചന്ദൗസി പട്ടണത്തിലെ ഷാഹി ജുമാ മസ്ജിദിലെ സർവേയെ ഒരു കൂട്ടം മുസ്‌ലിംകൾ എതിർത്തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ശ്രീ ഹരി ഹർ ക്ഷേത്രം കൽക്കിക്ക് സമർപ്പിച്ചിരിക്കുന്ന സ്ഥലത്ത് 1526-ൽ മുഗൾ ഭരണാധികാരി ബാബർ പള്ളി നിർമിച്ചതാണെന്ന് അവകാശപെട്ടുകൊണ്ട് നൽകിയ കേസിൽ വിചാരണ കോടതി സർവേയ്ക്ക് ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ സർവേയിലാണ് സംഘർഷമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button