ചരിത്രം ജയം!! ഐതിഹാസികം ഈ കിവിപ്പട; കോഹ്ലിയുടെ സെഞ്ച്വറിയിലും ഇന്ത്യൻ ആധിപത്യത്തിന് വിരാമമിട്ട കുതിപ്പ്
ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്. ഇന്ന് ഇന്‍ഡോറില്‍ നടന്ന അവസാന ഏകദിനത്തില്‍ ജയിച്ചാണ് കിവീസ് പരമ്പര നേടിയെടുത്തത്. മത്സരത്തില്‍ 41 റണ്‍സിനാണ് സന്ദര്‍ശകരുടെ വിജയം. ഡാരല്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്പിന്റെയും സെഞ്ച്വറി കരുത്തിലാണ് ടീം വിജയിച്ചത്.
മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 296 റണ്‍സിന് പുറത്താവുകയായിരുന്നു. കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടം കണ്ട മത്സരത്തില്‍ നാല് ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് സന്ദര്‍ശകര്‍ വിജയവും പരമ്പരയും പിടിച്ചടക്കിയത്.
വിജയത്തോടെ ഒരു ചരിത്രം സൃഷ്ടിക്കാനും ബ്ലാക്ക് ക്യാപ്സിന് സാധിച്ചു. ഇന്ത്യന്‍ മണ്ണില്‍ ആദ്യമായി ഒരു ഏകദിന പരമ്പര സ്വന്തമാക്കിയാണ് ടീം ചരിത്രം കുറിച്ചത്. ഇതിന് മുമ്പ് ഏഴ് തവണയാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ ഏകദിന പാരമ്പരക്കായി കളത്തില്‍ ഇറങ്ങിയത്. അപ്പോഴെല്ലാം മെന്‍ ഇന്‍ ബ്ലൂവിനായിരുന്നു വിജയം.
1988ല്‍ തുടങ്ങിയ ആധിപത്യത്തിനാണ് 38 വര്‍ഷങ്ങള്‍ക്കിപ്പുറം കിവീസ് തകര്‍ത്തത്. 2024ല്‍ ടെസ്റ്റിലും സമാനമായ ചരിത്ര നേട്ടം ടീം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത കിവീസിന് തുടക്കം പിഴച്ചിരുന്നു. അഞ്ച് റണ്‍സ് ചേര്‍ത്തപ്പോഴേക്കും രണ്ട് പേരാണ് കൂടാരം കയറിയത്. പിന്നാലെ ഒന്നിച്ച വില്‍ യങ് – ഡാരല്‍ മിച്ചല്‍ സഖ്യമാണ് ടീമിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത്. എന്നാല്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയതിന് പിന്നാലെ 41 പന്തില്‍ 41 റണ്‍സുമായി യങ് മടങ്ങി.
അതോടെ ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്പിനെ കൂട്ടുപിടിച്ച് മിച്ചല്‍ കിവീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് 219 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 88 പന്തില്‍ 106 റണ്‍സെടുത്ത ഫിലിപ്പാണ് ആദ്യം തിരികെ നടന്നത്. അര്‍ഷ്ദീപ് സിങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അടുത്ത ഓവറില്‍ മിച്ചലും പുറത്തായി. 131 പന്തില്‍ 137 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അതോടെ ടീമിന്റെ സ്കോറിങ് വേഗത കുറഞ്ഞു. ക്യാപ്റ്റന്‍ ബ്രേസ് വെല്‍ മാത്രമാണ് പിന്നീട് എത്തിയവരില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. താരം പുറത്താവാതെ 18 പന്തില്‍ 28 റണ്‍സെടുത്തു. 50 ഓവറുകള്‍ അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുക്കാന്‍ സാധിച്ചു.
ഡാരൽ മിച്ചലും ഗ്ലെൻ ഫിലിപ്സും. Photo: BlackCaps/x.com
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
മറുപടി ബാറ്റിങ്ങിന് എത്തിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ വിക്കറ്റില്‍ 28 റണ്‍സെടുത്ത ആതിഥേയരെ സമ്മര്‍ദത്തിലാക്കി കിവി താരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി. 13 ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
വിരാട് കോഹ്ലി. Photo: BCCI/x.com
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും കോഹ്ലി പിടിച്ചു നിന്നു. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡിയുമായും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി താരം ഇന്ത്യയ്ക്ക് പുതു ജീവന് നല്കി. എന്നാല്‍ നിതീഷ് 57 പന്തില്‍ 53 റണ്‍സെടുത്ത് മടങ്ങി. അതോടെ ടീം വീണ്ടും സമ്മര്‍ദത്തിലായി.
പിന്നീട് എത്തിയ ജഡേജ വളരെ പെട്ടെന്ന് തിരികെ നടന്നെങ്കിലും ഹര്‍ഷിത് റാണ വിരാട്ടിനൊപ്പം ചേര്‍ന്ന് മറ്റൊരു അര്‍ധ സെഞ്ച്വറി പാര്‍ട്നര്‍ഷിപ്പ് ഉയര്‍ത്തി. ഇരുവരും 99 റണ്‍സാണ് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. റാണ 43 പന്തില്‍ 52 റണ്‍സുമായി പുറത്തായി
ഇതിനകം തന്നെ വിരാട് തന്റെ 85ാം സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷയുടെ നാളം സമ്മാനിച്ച് ബാറ്റ് ചെയ്തെങ്കിലും ഏറെ വൈകാതെ താരവും കിവികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. 108 പന്തില്‍ 124 റണ്‍സെടുത്ത് ഒറ്റയാള്‍ പോരാട്ടം നടത്തിയാണ് കിങ് തിരികെ നടന്നത്.
ആ ഓവറിലെ അവസാന പന്തില്‍ ഇന്ത്യയുടെ പത്താം വിക്കറ്റായി കുല്‍ദീപ് യാദവ് പുറത്തായതോടെ ഇന്ത്യയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. അതോടെ കിവീസ് ചരിത്ര പരമ്പര സ്വന്തമാക്കി.
കിവീസിനായി ക്രിസ് ക്ലാര്‍ക്കും സക്കറി ഫോള്‍ക്ക്സും മൂന്ന് വിക്കറ്റുകള്‍ വീതം പിഴുതു. ഒപ്പം ജെയ്ഡന്‍ ലെന്നോക്സ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കൈല്‍ ജാമിസണ് ഒരു വിക്കറ്റും സ്വന്തമാക്കി.





