നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍വേ പാത; റെയില്‍വേ മന്ത്രിയും ഇ. ശ്രീധരനും ചര്‍ച്ച നടത്തി
നിലമ്പൂർ- നഞ്ചന്‍കോട് റയില്‍വേ പാതയുമായി ബന്ധപ്പെട്ട് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും മെട്രോമാന് ഇ.ശ്രീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
കേരളത്തിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ശ്രീധരൻ നിരവധി നിർദേശങ്ങള്‍ നല്‍കിയതായി മന്ത്രി വ്യക്തമാക്കി.
‘ഡോ. ഇ ശ്രീധരൻ എന്നെ സന്ദർശിച്ചു. റെയില്‍വേ കണക്ടിവിറ്റി ശക്തിപ്പെടുത്തേണ്ടത് സംബന്ധിച്ചായിരുന്നു ചർച്ചകള്‍. നിലമ്പൂർ-നഞ്ചൻകോട് പുതിയ റെയില്‍ പാതയെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കേരളത്തിലെ റെയില്‍ കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ നിരവധി ആശയങ്ങള്‍ പങ്കുവച്ചു’ – കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു.
കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാ സമയം നിലവിലെ 11 മണിക്കൂറില്‍ നിന്ന് ഏഴായി കുറക്കുന്നതാണ് പദ്ധതി. നിലമ്പൂർ-നഞ്ചൻകോട് റെയില്‍വേ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
നിലമ്പൂർ-നഞ്ചൻകോട് പാതയുടെ അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കേരള സർക്കാരും ദക്ഷിണ റെയില്‍വേയും വ്യോമ സർവേ നടത്തിയതിനെത്തുടർന്ന് 2024 ജനുവരിയില്‍ മൈസൂരുവില്‍ ‘സേവ് ബന്ദിപ്പൂർ’ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് പദ്ധതിക്ക് ‘റെഡ് സിഗ്നല്‍’ കണ്ടത്.
ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് നിർദ്ദിഷ്ട അലൈൻമെന്റ് കടന്നുപോകുന്നത് എന്നതിനാല്‍ പരിസ്ഥിതി പ്രവർത്തകർ പദ്ധതിയെ ശക്തമായി എതിർത്തു. ബന്ദിപ്പൂർ, നാഗർഹോള വഴിയുള്ള റെയില്‍വേ ലൈൻ നിർമ്മാണമോ രാത്രി ഗതാഗതം തുറക്കുന്നതോ കർണാടകയിലെ ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന് പ്രതിഷേധക്കാര്‍ വാദിച്ചു.
വന്യജീവി ആവാസവ്യവസ്ഥയുടെ തകർച്ച, മൃഗങ്ങളുടെ മരണ സാധ്യത വർധിക്കല്‍, ബന്ദിപ്പൂരിലെ ലോലമായ ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള തകർച്ച എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകള്‍ നിലമ്പൂർ-നഞ്ചൻകോട് റെയില്‍വേ ലൈനിനെ നിരന്തരം എതിർത്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ റോഡ്, കർണ്ണാടക മൈസൂർ ജില്ലയിലെ നഞ്ചൻഗോഡ് എന്നിവ തമ്മില്‍ വയനാട് ജില്ലയിലെ സുല്‍ത്താൻബത്തേരി വഴി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പാത. ഈ പാത യാഥാർത്ഥ്യമായാല്‍ കൊങ്കണ്‍ വഴി ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ തീവണ്ടികള്‍ ഇതു വഴി തിരിച്ചു വിടാൻ സാധിക്കും.
2001-2002ല്‍ ഇതിന്റെ ആദ്യ സർവേ പൂർത്തിയാക്കുകയും 2007-2008ല്‍ പുതുക്കിയ സർവേ റിപ്പോർട്ട് ഇന്ത്യൻ റെയില്‍വേ ബോർഡിന് സമർപ്പിക്കുകയും ചെയ്തിരുന്നു. 2010 മെയ് 18 ന് കേന്ദ്ര ആസൂത്രണ കമീഷൻ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തു. 2016ലെ റെയില്‍വേ ബജറ്റില്‍ ഈ പാതക്ക് അംഗീകാരം നല്‍കുകയും നിർമ്മാണച്ചെലവിന്റെ പകുതി തുക റെയില്‍വേയും പകുതി കേരള സംസ്ഥാന സർക്കാറും വഹിക്കാമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
നിലമ്പൂർ, കക്കാടംപൊയില്‍, തിരുവമ്പാടി, ആനക്കാംപൊയില്‍, മേപ്പാടി, കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി, ഗുണ്ടല്‍പേട്ട്, നഞ്ചൻകോട് വഴി മൈസൂരില്‍ എത്തുന്നതാണ് പാത.





