പോക്സോ കേസ് പ്രതി ജില്ല ആശുപത്രി ട്രോമ കെയർ യൂനിറ്റിന്റെ കാബിൻ തകർത്തു
കണ്ണൂർ: പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യുവാവ് പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ച് പൊട്ടിച്ചു. ജില്ല ആശുപത്രി ട്രോമ കെയർ യൂനിറ്റിന്റെ കാബിൻ ചില്ലുകളും അടിച്ചുതകർത്തു. കാട്ടാമ്പള്ളി ആയുര്‍വേദ ആശുപത്രിക്ക് സമീപം ഫാത്തിമ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തിരുനെൽവേലി സ്വദേശി എം. പരമശിവമാണ് (30) ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാത്രി 8.10ഓടെയാണ് സംഭവം. ബന്ധുവീട്ടിലെത്തിയ 11കാരിയെ സമീപത്ത് ആരുമില്ലാത്ത നേരം എടുത്തുയര്‍ത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നത്രെ. നിലവിളിച്ച് കുതറിമാറി ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി മറ്റുള്ളവരോട് കാര്യം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാർ പരമശിവത്തെ തടഞ്ഞുവെച്ച് വളപട്ടണം പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ പ്രകോപിതനായ യുവാവ് പൊലീസ് വാഹനത്തിന്റെ വലതുവശത്തെ ഗ്ലാസ് തലകൊണ്ട് ഇടിച്ച് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ ഡോക്ടറുടെ കാബിനും ലഹരിയിലായിരുന്ന ഇയാള്‍ തകര്‍ത്തു. ജില്ല ആശുപത്രിയിൽ പരാക്രമം നടത്തിയയാൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സൂപ്രണ്ട് ഡോ. എം.കെ. ഷാജ് കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകി. മൂന്ന് സംഭവങ്ങളിലും പൊലീസ് കേസെടുത്തു. വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷ് അന്വേഷണം തുടങ്ങി. തമിഴ്നാട്ടിലും കേരളത്തിലും നിരവധി കേസുകളില്‍ പ്രതിയാണ് പരമശിവം. പ്രതിയെ കോടതിയിൽ ഹാജരാക്കി. സ്റ്റാഫ് കൗൺസിൽ പ്രതിഷേധംകണ്ണൂർ: ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചയാൾ പൊലീസിനു മുന്നിൽവെച്ച് അക്രമം നടത്തിയ സംഭവത്തിൽ സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. സെക്രട്ടറി സി. പ്രമോദ് കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ജോയന്റ് സെക്രട്ടറി അജയ് കുമാർ കരിവെള്ളൂർ, രാജേഷ് കുമാർ കാങ്കോൽ, കെ.സി. സെമിലി, ഷീജ പീതാംബരൻ എന്നിവർ സംസാരിച്ചു. 10 മാസം മുമ്പ് രോഗിയെ സന്ദർശിക്കാൻ എത്തിയയാൾ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. ചെറിയ വാക്കേറ്റങ്ങളും മറ്റും പതിവ് സംഭവങ്ങളാവുകയാണ്. ഈ സാഹചര്യത്തിൽ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് ശക്തിപ്പെടുത്തണമെന്നും സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.





