രണ്ടുവയസ്സുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് വെള്ളം വാങ്ങാനെന്ന് പറഞ്ഞ് പുറത്തിറങ്ങി മുങ്ങി മാതാപിതാക്കൾ

കൊച്ചി: രണ്ടുവയസ്സ്​ മാത്രമുള്ള ആൺകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു. കഴിഞ്ഞ 17നാണ് സംഭവം. പട്​​നയിൽനിന്ന്​ എറണാകുളത്തേക്ക് വരുകയായിരുന്ന പട്​​ന-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്​പ്രസിൽ ഉച്ചക്ക് ഒന്നരയോടെ തൃശൂരിൽവെച്ചാണ് സംഭവം.കുട്ടിയെ ട്രെയിനിലിരുത്തി മാതാപിതാക്കളെന്ന് കരുതുന്നവർ വെള്ളം വാങ്ങാനെന്ന വ്യാജേന പുറത്തിറങ്ങിയെന്നാണ് സൂചന. ട്രെയിൻ പുറപ്പെട്ടപ്പോഴും ഇവർ കയറിയില്ല. കുട്ടി തനിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ട രണ്ട് യാത്രക്കാർ ആലുവയിൽ ഇറങ്ങി കുട്ടിയെ ആർ.പി.എഫിനെ ഏൽപിക്കുകയായിരുന്നു. ആർ.പി.എഫുകാർ അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ എത്തുകയും കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ വിടുകയുംചെയ്തു.പെരുമ്പാവൂർ പുല്ലുവഴിയിലുള്ള ചിൽഡ്രൻസ് ഹോമിലാണ് കുട്ടി ഇപ്പോൾ. സി.ഡബ്ല്യു.സി അധികൃതർ അറിയിച്ചതനുസരിച്ച് എറണാകുളം റെയിൽവേ പൊലീസ് സംഭവത്തിൽ കേസെടുത്തു. രണ്ടു വയസ്സ്​മാത്രം തോന്നിക്കുന്ന കുട്ടി കഷ്ടിച്ചാണ് സംസാരിക്കുന്നത്. ചിൽഡ്രൻസ് ഹോമിലെ ആയമാർ സംസാരിച്ചതിൽനിന്ന് അമ്മ എന്ന വാക്ക് കുട്ടി പറഞ്ഞതായി സൂചനയുണ്ട്.കുട്ടി മലയാളിയോ അല്ലെങ്കിൽ ഒഡിഷ സ്വദേശിയോ ആവാമെന്നാണ് അധികൃതർ സംശയിക്കുന്നത്. മാതാപിതാക്കൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും തൃശൂർ റെയിൽവേ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നും റെയിൽവേ എസ്.ഐ ഇ.കെ. അനിൽകുമാർ വ്യക്തമാക്കി. കുട്ടിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 04842376359, 9495769690 നമ്പറുകളിൽ ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button