മുംബൈയിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂണിന്റെ ഒരു ഭാഗം തകർന്നുവീണു. ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു
മുംബൈ: മുംബൈ മുളുണ്ടിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂണ് തകർന്നു വീണ് വൻ അപകടം. ഇന്ന് ഉച്ചയ്‌ക്ക് എൽബിഎസ് റോഡിലുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയ്‌ക്കും കാറിനും മുകളിലേക്കാണ് തൂണ് പതിച്ചത്.ഓട്ടോയിലുണ്ടായിരുന്ന ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെട്രോ തൂണിന്റെ മുകൾഭാഗം ഇളകി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ഇതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് സിമന്റ് പാളികൾ വീണത്.ഓട്ടോ പൂർണ്ണമായും തകർന്നു. സമീപത്തുണ്ടായിരുന്ന ഒരു കാറിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതീവ തിരക്കുള്ള എൽബിഎസ് റോഡിലുണ്ടായ അപകടത്തിൽ ഫയർഫോഴ്സും പൊലീസും മെട്രോ അധികൃതരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.





