അവസരങ്ങൾ മുതലാക്കുന്ന ഉഷാർ ഇഷാൻ കിഷൻ; സൈലന്റ് ഹിറ്റ്മാൻ ഓഫ് ഇന്ത്യ

ലോകക്രിക്കറ്റിൽ ഇന്ത്യൻ നീലപ്പടയെ വിജയതീരമടുപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും പ്രതിഭയുടെ പരമോന്നതിയിൽ ആരാധകരുടെയും നിരീക്ഷകരുടെയും സ്ഥിരം ചർച്ചാവിഷയമായി മാറുകയും ചെയ്ത പേരുകൾ തിരഞ്ഞിറങ്ങുകയാണെങ്കിൽ അത്രയെളുപ്പത്തിലൊരു മടങ്ങിവരവ് സാധ്യമായിരിക്കില്ല. ക്രിക്കറ്റ് മൈതാനങ്ങളിലെ സ്ഥിരതയാർന്ന പ്രകടനമികവിനോടൊപ്പം ആരാധകർക്കിടയിലും ഏറെ ആഘോഷിക്കപ്പെട്ട അനവധി പ്രതിഭാശാലികളാണ് കഴിഞ്ഞ കാലമത്രയും കടന്നുപോയത്. ലോകക്രിക്കറ്റിന്റെ ഒന്നാം ഇന്നിങ്സിൽ രാജാക്കന്മാരായി അരങ്ങുവാണിരുന്ന ആസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമൊപ്പം ഈ ടീമിന് ഒന്നും ചെയ്യാനില്ലെന്നും സ്വപ്‌നങ്ങളും പ്രതീക്ഷകളും അത്യാഗ്രഹമാണെന്നും പലരും വിധിയെഴുതിയിടത്ത് നിന്ന് രണ്ടാം ഇന്നിങ്സിൽ ഉയിർത്തെഴുന്നേൽപ് സാധ്യമാക്കിയത് ഈ പ്രതിഭകളുടെ പ്രകടനമികവാണെന്നതിൽ ഒരാളും തർക്കത്തിന് മുതിരാനിടയില്ല.ടീം പ്രഖ്യാപനങ്ങളിൽ തഴയപ്പെട്ടവരെ ചേർത്തുവയ്ക്കുകയാണെങ്കിലും വൻസ്രാവുകളെ അട്ടിമറിക്കാനുള്ള നീലപ്പടയെ ഒരുക്കാമെന്നത് വിമർശകർ പോലും അംഗീകരിച്ച കാര്യം. പ്രതിഭാധാരാളിത്തം പലപ്പോഴും അംഗീകരിക്കപ്പെടുകയും വിവാദങ്ങൾക്ക് വഴിതുറന്നിടുകയും ചെയ്യുന്ന ഇന്ത്യൻ ചരിത്രത്തിൽ അവസരങ്ങൾ മുതലാക്കാനാകാതെ വീണുപോയവരും ചില്ലറയല്ല.അവസരങ്ങളേറെ കിട്ടിയിട്ടും മുതലാക്കാനാകാതെ ലോബിയിങ്ങുകളെ പഴിചാരുന്ന കളിക്കാർക്കിടയിലാണ്, നിശബ്ദമായി അവസരങ്ങൾക്ക് കാത്തിരിക്കുകയും കിട്ടുമ്പോൾ അത് പൂർണമായി മുതലാക്കി മുന്നേറുകയും ചെയ്യുന്ന ഇഷാൻ കിഷനെ പോലുള്ള പ്രതിഭകൾ ബാറ്റ് വീശിതുടങ്ങുന്നത്. ആഘോഷിക്കപ്പെടാൻ മാത്രം ഹൈപ്പോ ഫാൻ ഫോളോയിങ്ങോയില്ല, ലോബികളുടെ പിൻബലമോ തുടർച്ചയായി അവസരങ്ങൾ തേടിയെത്താറോയില്ല, എങ്കിലും രോഹിത് ശർമയുടേതിന് സമാനമായ അക്രമണോത്സുക ബാറ്റിങും അടിച്ചുതകർത്തുകൊണ്ടുള്ള ഓപ്പണിങ് വെടിക്കെട്ടുകളും സൈലന്റ് ഹിറ്റ്മാൻ എന്ന വിശേഷണം ഇഷാന്റെ പേരിനോടൊപ്പം തുന്നിച്ചേർക്കപ്പെടുകയായിരുന്നു.വിക്കറ്റിന് പിന്നിലെ ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്തനായിരുന്ന ധോണിയുടെ പിൻഗാമിയായി കീപ്പർ- സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ സ്ലോട്ടിലേക്ക് ഒരുപിടി താരങ്ങൾ മാർച്ച് ചെയ്തതോടെ പ്രതിഭയുണ്ടായിട്ടും ആഘോഷിക്കപ്പെടാതെ മാറ്റിനിർത്തപ്പെട്ടവരോടൊപ്പം ഇഷാനെയും എണ്ണിത്തുടങ്ങിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. തുടർന്നിങ്ങോട്ടുള്ള കാലങ്ങളിൽ തേടിവരുന്ന അവസരങ്ങളെ പരമാവധി മുതലെടുത്ത ഇഷാൻ കിഷൻ, ഇപ്പോഴിതാ 2026ലെ കുട്ടിക്രിക്കറ്റിന്റെ ലോകമാമാങ്കത്തിൽ മിന്നൽ പ്രകടനങ്ങളോടെ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്.ബാല്യവും ഉദയവും; അരങ്ങേറ്റം1998 ജൂലൈ എട്ടിന് പട്നയിൽ ജനിച്ച ഇഷാൻ പ്രണവ് കുമാർ പാണ്ടെ കിഷൻ ജാർഖണ്ഡിന്റെ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ ഭാഗമായായിരുന്നു ബാല്യം ചിലവിട്ടത്. ചെറുപ്രായത്തിൽ തന്നെ അക്രമണോത്സുക ശൈലി ബാറ്റിങിൽ പ്രകടമായിരുന്നു.2016ലെ ഐസിസി അണ്ടർ- 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ കലാശപ്പോരിലെത്തിച്ചതോടെയാണ് ക്രിക്കറ്റ് നിരീക്ഷകർ ഇഷാനെ ആദ്യമായി ശ്രദ്ധിച്ചു തുടങ്ങുന്നത്. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനോട് ടീം പൊരുതിവീണെങ്കിലും അയാളുടെ ബാറ്റിങ് ടൂർണമെന്റിലുടനീളം ശ്രദ്ധേയമായിരുന്നു.അതേവർഷം, ഐപിഎല്ലിൽ ഗുജറാത്തിനോടൊപ്പം അരങ്ങേറ്റം കുറിച്ചു. അധികം വൈകാതെ മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയ ഇഷാൻ 2019, 20 സീസണുകളിൽ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. 2020 ഐപിഎല്ലിൽ 516 റൺസുമായി ടീമിന്റെ ടോപ് സ്കോററുമായി.ഇന്ത്യൻ ടീമിലെ തുടക്കവും വാരിക്കൂട്ടിയ റെക്കോർഡുകളുംആഭ്യന്തര മത്സരങ്ങളിൽ കിട്ടുന്ന അവസരങ്ങളെല്ലാം മുതലാക്കിയ ഇഷാൻ 2021ൽ ദേശീയ ടീമിനോടൊപ്പം ചേർന്നു. ടി20യിൽ ഇംഗ്ലണ്ടിനെതിരെയും ഏകദിനത്തിൽ ശ്രീലങ്കക്കെതിരെയുമായിരുന്നു അരങ്ങേറ്റം. രണ്ട് ഫോർമാറ്റിലെയും അരങ്ങേറ്റ മത്സരങ്ങളിൽ അർധശതകം പിന്നിട്ട രണ്ടാമത്തെ താരമെന്ന ഖ്യാതി അന്നുതന്നെ താരം സ്വന്തം പേരിലാക്കി. ഏകദിനത്തിൽ 59, ടി-20യിൽ 56 എന്നിങ്ങനെയായിരുന്നു റൺസ്.അടുത്തവർഷം ഡിസംബറിൽ ബംഗ്ലാദേശിനെതിരെ നേടിയ 210 റൺസിലൂടെ ക്രിക്കറ്റ് നിരീക്ഷകരുടെയും ആരാധകരുടെയും ചുണ്ടുകളിലെ സജീവസാന്നിധ്യമായെന്ന് തോന്നിപ്പിക്കുകയും ചെയ്തു. 131 പന്തുകൾ നേരിട്ടായിരുന്നു താരത്തിന്റെ നേട്ടം. 126 പന്തുകൾ മാത്രം നേരിട്ടുള്ള ഇരട്ട ശതകം വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലിനെയും മറികടന്ന് ഏറ്റവും വേഗമേറിയ ഏകദിന ഇരട്ട സെഞ്ചുറിയെന്ന നേട്ടത്തിലെത്തിച്ചു. ഇരട്ട സെഞ്ചുറി നേടിയ യുവതാരങ്ങളിൽ ഒന്നാമൻ, ആദ്യ സെഞ്ചുറി തന്നെ ഇരട്ടശതകത്തിലേക്ക് എത്തിച്ച ആദ്യ താരം എന്നിങ്ങനെയുള്ള റെക്കോർഡുകളും താരത്തിന്റെ പേരിൽ സ്വന്തം.ഏകദിനത്തിൽ 27 മത്സരങ്ങളിൽ നിന്ന് 42.40+ ശരാശരിയിൽ 933 റൺസ്, ടെസ്റ്റിൽ രണ്ട് മത്സരങ്ങളിൽ നിന്നായി 78 റൺസ്, കൂടാതെ ഐപിഎല്ലിലെ സ്ഥിരതയാർന്ന പ്രകടനങ്ങൾ എന്നിങ്ങനെ നീളുന്നു ഇഷാൻ കിഷന്റെ കടലാസിലെ കനം.കഠിനാധ്വാനികൾക്ക് പറയാനുള്ള തിരിച്ചുവരവിന്റെ കഥ; ഉയിർത്തെഴുന്നേൽപ്പ്ടീമിലെടുക്കുമ്പോഴെല്ലാം തന്നിലർപ്പിതമായ വിശ്വാസം തകർക്കാത്ത മട്ടിലുള്ള പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നെങ്കിലും ഒരു ഘട്ടത്തിൽ ദേശീയ ടീമിൽ നിന്ന് ഇഷാൻ കിഷന് സ്ഥിരമായി പുറത്തിരിക്കേണ്ടി വന്നു. ബിസിസിഐ കരാർ നഷ്ടപ്പെടുന്ന ഘട്ടം വരെയും എത്തി. പന്തും സഞ്ജുവും രാഹുലുമടക്കം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാർക്ക് പഞ്ഞമില്ലാതിരുന്ന കാലത്ത് ഇഷാനുവേണ്ടിയുള്ള മുറവിളികൾ അപ്രത്യക്ഷം.ക്രിക്കറ്റ് നിങ്ങളെ കൈവിടുന്നതിനു മുൻപേ ക്രിക്കറ്റ് മതിയാക്കുകയെന്നത് പ്രതിഭകളെ തളർത്താൻ വിമർശകർ ഉപയോഗിക്കുന്ന സ്ഥിരവാചകം. എന്നാൽ വിമർശനങ്ങളിലും തഴയപ്പെടലുകളിലും നിരാശനായി മാറിനിൽക്കാൻ ഇഷാൻ ഒരുക്കമായിരുന്നില്ല. 2025- 26 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി 517 റൺസ് നേടി തിരിച്ചടിച്ചു. ഈ വർഷം തുടക്കത്തിൽ ന്യൂസിലൻഡിനെതിരായ പരമ്പരയിലും ഗംഭീര പ്രകടനത്തോടെ താരം തിരിച്ചുവരവ് നടത്തി. കുട്ടിക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയും ന്യൂസിലൻഡിനെതിരെ പിറന്നു. 43 പന്തുകൾ മാത്രം നേരിട്ട് പത്ത് സിക്സറുകളടക്കം 113 റൺസ് സ്വന്തമാക്കിയതോടെ വീണ്ടും ടീമിലെ വിശ്വസ്ത സാന്നിധ്യമായി മാറി.ടി20 ലോകകപ്പിൽ നമിബിയക്കെതിരെ ഡൽഹിയിൽ 24 പന്തിൽ നേടിയ 61 റൺസ് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ടി20 ലോകകപ്പിലെ ഉയർന്ന സ്കോറായിരുന്നു. മുൻ നായകൻ ധോണിയുടെ റെക്കോർഡാണ് ഇഷാൻ കിഷൻ മറികടന്നത്. പവർപ്ലേയിൽ ഫിഫ്റ്റി നേടിയതും കുട്ടിക്രിക്കറ്റിന്റെ ലോകമാമാങ്കത്തിൽ അപൂർവ്വം.ദീർഘനാൾ ടീമിൽ നിന്ന് വിട്ടുനിന്നതിനുശേഷമുള്ള തിരിച്ചുവരവിൽ 225. 5 സ്ട്രൈക്ക് റേറ്റിൽ 296 റൺസ്, ഒരു സെഞ്ചുറി, രണ്ട് ഫിഫ്റ്റികൾ, ടി20യിൽ 38 മത്സരങ്ങളിൽ നിന്നായി 1092 റൺസ്, ഒമ്പത് ഫിഫ്റ്റി, ഒരു സെഞ്ചുറി. എന്നിങ്ങനെ നീളുന്നു ഉഷാർ കിഷന്റെ പട്ടാഭിഷേകം.മോശം പ്രകടനങ്ങളിൽ ലോബിയെ പഴിചാരുന്നവർ കണ്ടുപഠിക്കണം; സൈലൻറ് ഹിറ്റ്മാൻ ഓഫ് ഇന്ത്യഇന്ത്യൻ ടീമിന്റെ വിശ്വസ്തനായ ഓപ്പണറും മുൻ നായകനുമായ രോഹിത് ശർമയെ ഹിറ്റ്മാനെന്ന് വിളിക്കുന്നത് പോലെ ഇഷാൻ കിഷനുമുണ്ട് ആരാധകർക്കിടയിൽ ഒരു വിശേഷണം. രോഹിത്തിന്റെതുപോലെ പവർഹിറ്റിങ്ങും ശാന്തസ്വഭാവവും കാരണം ഇന്ത്യയുടെ സൈലന്റ് ഹിറ്റ്മാൻ എന്നാണ് ഇഷാന്റെ വിശേഷണം. മികച്ച ടോട്ടൽ പടുത്തുയർത്തുന്നതിനായി പലപ്പോഴും ഇഷാൻ കിഷന്റെ വെടിക്കെട്ട് ഓപ്പണിങ് നീലപ്പടക്ക് തുണയായിട്ടുണ്ട്.അതേസമയം, സഞ്ജു സാംസണിനെ പോലെ ആഘോഷിക്കപ്പെടുന്നില്ലെന്നതാണ് ഇഷാനെ വ്യത്യസ്തനാക്കുന്നത്. 52 മത്സരങ്ങളിലായി 1100 റൺസാണ് സഞ്ജു നേടിയതെങ്കിൽ കേവലം 38 മത്സരങ്ങളിൽ നിന്ന് 1092 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. മലയാളികളുടെ ഫാൻ ബേസും സോഷ്യൽ മീഡിയയിലെ ഹൈപ്പും സഞ്ജുവിനെ ബ്രാൻഡാക്കി മാറ്റുമ്പോഴും ജാർഖണ്ഡ്/ബിഹാർ പശ്ചാത്തലം ഉള്ളതിനാലായിരിക്കണം, ഇഷാന് വേണ്ടിയുള്ള ആരവങ്ങൾക്ക് വേണ്ടത്ര ശബ്ദകോലാഹലങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.എന്നിരുന്നാലും, പ്രകടനമികവിൽ ഇഷാൻ ഉയർന്നുതന്നെ നിൽക്കും. പ്രതിഭാധാരാളിത്തം സെലക്ടർമാരെ വലച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ പോലൊരു ടീമിൽ വീണുകിട്ടുന്ന അവസരങ്ങൾ മുതലാക്കുന്നവരെ ആഘോഷിക്കുക തന്നെ വേണം. പ്രതിഭയുള്ളവർ പലരും അവസരം കാത്തിരിക്കുകയാണ്. പവർപ്ലേ ഡോമിനേറ്റ് ചെയ്യുന്ന ഓപ്പണർമാരിലേക്ക് സെലക്ടർമാരുടെ കണ്ണും കാതും ഇനിയെങ്കിലും നീതിബോധത്തോടെ എത്തിച്ചേരേണ്ടതുണ്ട്. ലോബികളെ പഴിചാരി അവസരങ്ങൾ കളഞ്ഞു കുളിക്കുന്നവരെ ടീമിൽ നിന്ന് അടർത്തി മാറ്റി പ്രതിഭകളെ കുത്തിനിറക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ വിജയതീരങ്ങളിലെ നീലപ്പടയുടെ മങ്കൂരങ്ങൾക്ക് തട്ടുകേട് സംഭവിക്കാതിരിക്കുകയുള്ളൂ.,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button