മുള്ളൻ പന്നിയെ അടിച്ചുകൊന്നു; വെള്ളനാട് ശശിക്കെതിരെ കേസെടുത്ത് വനം വകുപ്പ്

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ് വെള്ളനാട് ശശി വീണ്ടും വിവാദത്തിൽ. സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്നതാണ് പുതിയ വിവാദം. പരിസരത്തെ വീട്ടിൽ കയറിയ മുള്ളൻ പന്നിയെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വീട്ടിൽ പരിശോധന നടത്തുകയാണ്. പഞ്ചായത്ത്‌ ഓഫീസിലും പരിശോധന നടത്തി. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു കാത്തിരിക്കുകയായിരുന്നു. എന്നാൽ പ്രദേശത്തെത്തിയ വെള്ളനാട് ശശി, മുള്ളൻ പന്നിയെ മരപട്ടിക ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, പഞ്ചായത്ത് സെക്രട്ടറി സിന്ധുവിനെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് വെള്ളനാട് ശശി നേരത്തെ വിവാദത്തിൽ പെട്ടിരുന്നു. ശശിയും രണ്ട് വനിതാ അം​ഗങ്ങളും ചേർന്നാണ് സിന്ധുവിനെ പൂട്ടിയിട്ടത്. പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തർക്കത്തിന് പിന്നാലെ സെക്രട്ടറി ഓഫീസിനുള്ളിൽവെച്ച് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ജീവനക്കാർ ചേർന്ന് കത്തി പിടിച്ചുവാങ്ങുകയായിരുന്നു. കടയിൽ കയറി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവത്തിലും ശശിക്കെതിരെ കേസെടുത്തിരുന്നു. അന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു വെള്ളനാട് ശശി. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ടുകടയിലെത്തി രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും ആക്രമിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button