ഇറാൻ ആക്രമണം: ബഹ്റൈനിലും സ്ഫോടനം, ലക്ഷ്യമിട്ടത് യു.എസ് നേവി കപ്പൽപ്പട ആസ്ഥാനം

മനാമ: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ബഹ്റൈനിലും സ്ഫോടനം. ബഹ്റൈനിലെ ജുഫൈർ, ഹിദ്ദ് പരിസരങ്ങളിൽ രാവിലെ 11.45 ഓടെയാണ് സ്ഫോടനമുണ്ടായത്. ബഹ്‌റൈനിലെ യു.എസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയാണ് മിസൈൽ ആക്രമണം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സൈന്യം വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ തടയാൻ ശ്രമിക്കുകയാണ്. അതോടൊപ്പം ബഹ്റൈനിലെ ജനങ്ങൾക്ക് ജാഗ്രത നിർദേശം ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. ഉച്ചത്തിലുള്ള സ്ഫോടനമോ മുന്നറിയിപ്പ് സൈറണുകളുടെ ശബ്ദമോ ഉണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ നാല് ഗവർണറേറ്റുകളിലേയും ഷെൽട്ടറുകളുടെ വിവരങ്ങളും അതോറിറ്റി പുറത്തു വിട്ടിട്ടുണ്ട്. അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക റേഡിയോ, ടെലിവിഷൻ ചാനലുകൾ കാണണമെന്നും അടുത്തുള്ള കെട്ടിടത്തിൽ അഭയം തേടുക‍യോ അല്ലെങ്കിൽ സുരക്ഷിതവും അടച്ചിട്ടതുമായ സ്ഥലത്ത് അഭയം തേടുകയോ ചെയ്യണമെന്നും ജാഗ്രതാ നിർദേശത്തിലുണ്ട്.കുവൈത്ത് വ്യോമാതിർത്തി അടച്ചുകുവൈത്ത് സിറ്റി: മേഖലയിലെ രാഷ്ട്രീയ, സുരക്ഷാ സംഘർഷങ്ങളുടെ സാഹചര്യത്തിൽ കുവൈത്ത് വ്യോമാതിർത്തി അടച്ചു. താൽക്കാലികമായാണ് നടപടിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. യാത്രക്കാരെയും വിമാനക്കമ്പനികളെയും വിമാനത്താവള പ്രവർത്തനങ്ങളെയും അപകടസാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്നതിന് മുൻ‌ഗണന നൽകുന്നത് തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി. സംഘർഷം സാധ്യത കണക്കിലെടുത്ത് കുവൈത്തിൽ നിന്ന് ഇറാനിലേക്കുന്ന വിമാന സർവിസുകൾ കുവൈത്ത് നേരത്തെ റദ്ദാക്കിയിരുന്നു. പ്രാദേശിക, അന്തർദേശീയ കക്ഷികളുമായി ഏകോപിപ്പിച്ച് സംഭവവികാസങ്ങൾ 24 മണിക്കൂറും നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അപ്ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി കൃത്യമായി പൊതുജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.ഖത്തറിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയംദോഹ: ഇറാനുനേരെയുള്ള യു.എസ് -ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ സാഹചര്യം സുസ്ഥിരവും സുരക്ഷിതവുമായി തുടരുന്നുവെന്നും ആശങ്കയുടെ സൂചനകളില്ലെന്നും ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദീകരിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സങ്ങളില്ലാത്ത സേവനങ്ങൾ നിലനിർത്തുന്നതിനുമായി, കൂട്ടായ പ്രവർത്തനങ്ങളിലൂടെ സുരക്ഷാ അധികൃതർ 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും, തെറ്റായതോ അജ്ഞാത സ്രോതസ്സുകളിൽനിന്നുള്ളതോ ആയ സന്ദേശങ്ങൾക്ക് ശ്രദ്ധ കൊടുക്കാതിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദീകരിച്ചു. സ്ഥിരീകരിക്കാത്ത വാർത്തകളോ വിഡിയോ ക്ലിപ്പുകളോ പ്രചരിപ്പിക്കരുത്. മന്ത്രാലയത്തിന്റെ വിവരങ്ങൾ ഔദ്യോഗിക പ്ലാറ്റുഫോമുകളിലൂടെ യഥാസമയം അറിയിക്കും. പൊതുസുരക്ഷ താൽപര്യാർത്ഥം, സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത്നിന്ന് വിട്ടു നിൽക്കാനും വീട്ടിനുള്ളിൽ തന്നെ തുടരാനും അഭ്യർഥിച്ച് ശനിയാഴ്ച ഉച്ചയോടെ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ഫോണിലേക്ക് സുരക്ഷ സന്ദേശം അയച്ചിരുന്നു. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുകയോ ചുറ്റിനടക്കുകയോ ചെയ്യരുതെന്ന് സുരക്ഷ സന്ദേശത്തിൽ വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button