എന്ത് തരം സംസ്കാരമാണിത്?’; തെരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യ വിതരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി
‘
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരുകള്‍ പലവിധ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി. ഇത് എന്ത് തരം സംസ്കാരമാണെന്ന് ചോദിച്ച കോടതി, ഇത്തരം നയങ്ങള്‍ സാമ്പത്തിക വികസനത്തെ ബാധിക്കുമെന്നും അതിനാല്‍ അവ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ വൈദ്യുതി നിയമ ഭേദഗതിയെ ചോദ്യംചെയ്ത് തമിഴ്നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.വൈദ്യുതി വിതരണ കമ്പനികളെ പ്രയാസത്തിലാക്കുന്ന രീതിയില്‍ പെട്ടെന്ന് ഒരു സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപിച്ചതിന്റെ കാരണം വിശദീകരിക്കാന്‍ കോടതി തമിഴ്നാട് സര്‍ക്കാരിനോട് പ്രത്യേകം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.പല സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തന്നെ ഇത്തരം സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയന്ത്രണമില്ലാത്ത ഇത്തരം നടപടികള്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയെ തന്നെ ബാധിക്കും. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സൗജന്യ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. നേരിട്ട് പണം കൊടുക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ പിന്നെ പണിയെടുക്കുമോയെന്നും കോടതി ചോദിച്ചു. സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്നതിനുള്ള പണം എവിടെ നിന്ന് ലഭിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നല്കാന് കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.





