കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതില്‍ എഴുത്തുകാരന് വി.എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; കേസെടുത്ത് പൊലീസ്
കണ്ണൂര്‍: കണ്ണൂരില്‍ എഴുത്തുകാരന് വി.എസ് അനില്‍ കുമാറിന്റെ വീട്ടില്‍ റീത്ത് വെച്ചതില്‍ കേസെടുത്ത് പൊലീസ്. കണ്ണപുരം പൊലീസാണ് കേസെടുത്തത്. സമാധാനന്തരീക്ഷം തകര്‍ത്ത് ലഹള ഉണ്ടാക്കാന്‍ ശ്രമം നടന്നുവെന്നാണ് എഫ്ഐആറിലുള്ളത്. രക്തസാക്ഷി ഫണ്ട് വിവാദം പരാമര്‍ശിക്കുന്ന വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിന് പിന്നാലെ കണ്ണപുരത്തെ വീടിന് മുന്പില് ഇന്നലെ പുലര്‍ച്ചെയാണ് റീത്ത് കണ്ടത്. സംഭവത്തില്‍ അനില്‍ കുമാര്‍ കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ സിപിഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന് എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് അനില്‍കുമാറായിരുന്നു. ഇതിന്റെ പ്രകോപനമാകാം റീത്ത് വെച്ചതിന് പിന്നിലെന്ന് സംശയമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്നും പൊലീസ് അന്വേഷിച്ച് പിന്നിലുള്ളവരെ കണ്ടെത്തട്ടെ എന്നും അനില്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു. ഇത്തരം പ്രവൃത്തി മൂലം ഭയപ്പെട്ട് വിമര്‍ശനങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തതിലെ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് കുഞ്ഞികൃഷ്ണനും പ്രതികരിച്ചു. സിപിഎമ്മിന്റെ കാടന്‍ സംസ്കാരമാണ് റീത്തു വെച്ച സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അഭിപ്രായപ്പെട്ടു. അനില്‍കുമാര്‍ നല്കിയ പരാതിയില്‍ കണ്ണപുരം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.





