കോഴിക്കോട്ട് പിഞ്ചുബാലികയുടെ ജീവനടുത്ത് ഷിഗല്ല ; മൂന്ന് കുട്ടികൾക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി; ജാഗ്രത കൈവിടരുത്
കോഴിക്കോട്: ജില്ലയിൽ ഷിഗല്ല ബാധയെത്തുടർന്ന് മൂന്നര വയസ്സുകാരി മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിച്ചെങ്കിലും, പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്.കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും നിലവിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര പ്രദേശത്തെ അഞ്ച് പേർക്ക് കൂടി സമാനമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ദഹനവ്യവസ്ഥയെ ബാധിക്കുന്ന ‘ഷിഗല്ല’എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അതിസാര രോഗമാണിത്. പ്രധാനമായും മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. വിട്ടുമാറാത്ത പനി, വയറുവേദന, ഛർദ്ദിയും കടുത്ത ക്ഷീണവും, രക്തം കലർന്ന മലവിസർജ്ജനം ആണ് പ്രധാന രോഗ ലക്ഷണങ്ങൾ.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളത്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ കൃത്യമായ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.





